മെസ്സിയുടെ ഈ സീസണിലെ ഉജ്ജ്വല പ്രകടനത്തിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ച് PSG ചീഫ്

മെസ്സിയുടെ കരിയറിലെ തന്നെ ഏറ്റവും കഠിനമേറിയ ഒരു സീസണായിരുന്നു കഴിഞ്ഞ സീസൺ.എഫ്സി ബാഴ്സലോണ വിട്ട ആഘാതത്തിൽ നിന്നും മുക്തമാവാൻ മെസ്സിക്ക് സമയം എടുക്കേണ്ടി വന്നു. കൂടാതെ കോവിഡും മെസ്സിയെ അലട്ടി. 20 വർഷത്തോളം ജീവിച്ചു പോന്നിരുന്ന പരിതസ്ഥിതി പെട്ടെന്ന് മാറിയതോടെ അതിനോട് പൊരുത്തപ്പെടാൻ മെസ്സിക്ക് സമയം എടുക്കേണ്ടി വരികയായിരുന്നു.

അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. അപ്പോഴും മികച്ച കണക്കുകൾ മെസ്സിക്ക് അവകാശപ്പെടാനുണ്ട് എന്നുള്ളത് മറക്കാൻ പാടില്ല.പക്ഷേ ഈ സീസണിൽ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. തുടക്കത്തിൽ തന്നെ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന മെസ്സിയെ ഇപ്പോൾ നമുക്ക് കാണാനാവും. 10 മത്സരങ്ങൾ കളിച്ച മെസ്സി 5 ഗോളുകളും 8 അസിസ്റ്റുകളുമായി പിഎസ്ജിയുടെ കുതിപ്പിന് വളരെ വലിയ രൂപത്തിൽ സഹായിക്കുന്നുണ്ട്.

മെസ്സിയുടെ ഈ മികച്ച പ്രകടനത്തിൽ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലൂയിസ് കാമ്പോസ് വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.ഓരോ ദിവസവും കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്ന മെസ്സിയെയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് ലൂയിസ് പറഞ്ഞത്.RMC അദ്ദേഹം പറഞ്ഞത് പുറത്ത് വിട്ടത് ഇങ്ങനെയാണ്.

‘ മെസ്സിയുടെ കാര്യത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. 20 വർഷത്തോളം ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള അവരുടെ ഐക്കണാണ് മെസ്സി.പക്ഷെ കഴിഞ്ഞ വർഷം അദ്ദേഹത്തിന് വളരെ വ്യത്യസ്തമായ ഒരു ഫുട്ബോളിലേക്ക് എത്തേണ്ടി വന്നു, വളരെ വ്യത്യസ്തമായ ഒരു പരിതസ്ഥിതിയായിരുന്നു. ഇവിടെ ബാഴ്സയിൽ ഉള്ളതുപോലെയുള്ള ഫുട്ബോൾ അല്ല. വ്യത്യസ്തമായ ഒരു ചാമ്പ്യൻഷിപ്പിലാണ് മെസ്സി എത്തിയത്. അതിനർത്ഥം മെസ്സിക്ക് സമയം ആവശ്യമുണ്ടായിരുന്നു എന്നുള്ളതാണ്.

ഈ സീസണിൽ കൂടുതൽ ഉയരത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മെസ്സിയെയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.കൂടുതൽ നാച്ചുറൽ ആയിട്ട് അദ്ദേഹം കാര്യങ്ങളെ ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നു. ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് മെസ്സി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.58 കാരനായ എനിക്ക് പോലും നഗരങ്ങൾ മാറുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട് ‘ ലൂയിസ് കാമ്പോസ് പറഞ്ഞു.

ലയണൽ മെസ്സി തന്റെ ഈ മികച്ച ഫോം അർജന്റീനക്ക് വേണ്ടിയും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന 2 സൗഹൃദ മത്സരങ്ങളാണ് കളിക്കുക.ഹോണ്ടുറാസ്,ജമൈക്ക എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Rate this post