മത്സരത്തിന്റെ 80ആം മിനിട്ട് വരെ ഒരൊറ്റ ഫ്രാൻസ് താരത്തെ പോലും ഞാൻ കണ്ടിരുന്നില്ല : ക്രിസ്റ്റ്യൻ റൊമേറോ

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന വിജയം ഉറപ്പിച്ച ഒരു സന്ദർഭം ഉണ്ടായിരുന്നു. പക്ഷേ കിലിയൻ എംബപ്പേ പെട്ടെന്ന് രണ്ട് ഗോളുകൾ നേടിയതോട് കൂടി മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

എക്സ്ട്രാ ടൈമിലും രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞു.പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ലോക കിരീടം നേടിയത്.മത്സരത്തിന്റെ തുടക്കത്തിലൊക്കെ അർജന്റീന തന്നെയായിരുന്നു വലിയ ആധിപത്യം പുലർത്തിയിരുന്നത്. ഇതേക്കുറിച്ച് അർജന്റീനയുടെ ഡിഫൻഡറായ ക്രിസ്റ്റൻ റൊമേറോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

അതായത് ഫൈനലിന്റെ 80ആം മിനിറ്റ് വരെ ഒരൊറ്റ ഫ്രാൻസ് താരത്തെ പോലും താൻ കണ്ടിരുന്നില്ല എന്നാണ് റൊമേറോ പറഞ്ഞിട്ടുള്ളത്. മാത്രമല്ല അർജന്റീന അർഹിച്ച ഒരു വിജയമാണ് ആ മത്സരത്തിൽ നേടിയെടുത്തതെന്നും റൊമേറോ കൂട്ടിച്ചേർത്തു. പുതുതായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ പ്രതിരോധനിരക്കാരൻ.

‘ വേൾഡ് കപ്പ് ഫൈനലിന്റെ ആദ്യ 80 മിനിറ്റിൽ സത്യം പറഞ്ഞാൽ ഒരൊറ്റ ഫ്രാൻസ് താരത്തെ പോലും ഞാൻ കണ്ടിരുന്നില്ല. 80 മിനിറ്റ് മുതലാണ് അവർ ഞങ്ങളെ ചെറിയ രൂപത്തിൽ എങ്കിലും കൺട്രോൾ ചെയ്തത്. പക്ഷേ മൂന്നാമത്തെ ഗോൾ നേടിക്കൊണ്ട് ഞങ്ങൾ നിയന്ത്രണം ഏറ്റെടുത്തു. നിർഭാഗ്യവശാൽ പിന്നീട് അവർക്ക് ഒരു പെനാൽറ്റി കിക്ക് ലഭിച്ചു. പക്ഷേ അവസാനത്തിൽ അർഹിച്ചവർ തന്നെയാണ് വിജയിച്ചുകൊണ്ട് കിരീടം നേടിയത് ‘ റൊമേറോ പറഞ്ഞു.

വേൾഡ് കപ്പ് കിരീടം നേടിയിട്ട് ഒരു മാസം പിന്നിട്ടുവെങ്കിലും അതേക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. പ്രത്യേകിച്ച് അർജന്റീന താരങ്ങൾ നൽകുന്ന അഭിമുഖങ്ങളിൽ എല്ലാം അതേക്കുറിച്ച് സംസാരിക്കാൻ താരങ്ങൾ ഏറെ സമയം കണ്ടെത്താറുണ്ട്.വരുന്ന മാർച്ച് മാസത്തിൽ ആയിരിക്കും ഇനി അർജന്റീന ദേശീയ ടീമിനെ കളിക്കളത്തിൽ കാണാൻ കഴിയുക.