‘ചാമ്പ്യൻസ് ലീഗിൽ കളിച്ച് വിജയിച്ചുകൊണ്ട് ഫുട്ബോൾ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ : എമിലിയാനോ മാർട്ടിനസ് |Emi Martinez

ഖത്തറിൽ അർജന്റീനയുടെ വിജയത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനെസ്.ഫൈനൽ ഉൾപ്പെടെ അർജന്റീനയുടെ വിജയത്തിൽ ആസ്റ്റൺ വില്ല കീപ്പർ നിർണായക പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിൽ വിജയം നേടിയതിനു ശേഷമുണ്ടായ പ്രവൃത്തികളുടെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് എമിലിയാനോ മാർട്ടിനസ്.

ഖത്തറിലെ ആ സുപ്രധാന വിജയത്തിന് ശേഷം 30 കാരനായ കീപ്പറുടെ ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോൾ ക്ലബ്ബ് തലത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് എമി.”ഞാൻ ഫുട്ബോൾ പൂർത്തിയാക്കിയെന്ന് പറയുന്നു, പക്ഷേ ഇതുവരെ ഞാൻ പൂർത്തിയാക്കിയിട്ടില്ല. എന്റെ ക്ലബ്ബിനൊപ്പം ട്രോഫികൾ നേടി, ചാമ്പ്യൻസ് ലീഗിൽ കളിച്ച് വിജയിച്ചുകൊണ്ട് ഫുട്ബോൾ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.എനിക്ക് 30 വയസ്സായി, പക്ഷേ അതിനായി ഞാൻ തുടർന്നും പ്രവർത്തിക്കും. എന്റെ മികച്ച വർഷങ്ങൾ എനിക്ക് മുന്നിലുണ്ട്.ഞാൻ എപ്പോഴും എനിക്കുവേണ്ടി ലക്ഷ്യങ്ങൾ വെക്കുന്നു. അതില്ലാതെ എനിക്ക് കളിക്കാൻ കഴിയില്ല” മാർട്ടിനെസ് പറഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനസ് തന്റെ ക്ലബായ ആസ്റ്റൺ വില്ല വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം ക്ലബിനൊപ്പം തന്നെ തുടർന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് ക്ലബുകളിൽ കളിക്കാൻ ആഗ്രഹമുള്ള എമിലിയാനോ വരുന്ന സമ്മറിൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ സജീവമാണ്.എമിലിയാനോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പറിനു താല്പര്യമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുപ്പതു വയസുള്ള താരത്തെ മുപ്പത്തിയാറുകാരനായ ഹ്യൂഗോ ലോറിസിന് പകരക്കാരനായി ടീമിലെത്തിക്കാനാണ് ടോട്ടനം ഒരുങ്ങുന്നത്. ലോകകപ്പ് ഫൈനലിൽ മുഖാമുഖം വന്ന താരങ്ങളിൽ ഒരാൾ ഒരാൾക്ക് പകരമാകുന്നു എന്ന യാദൃശ്ചികത ഇതിനുണ്ട്.ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പോരാടണമെന്ന ആഗ്രഹം എമിലിയാനോക്കുണ്ടെങ്കിലും ആസ്റ്റൺ വില്ല മികച്ച ഫോമിൽ കളിക്കുമ്പോൾ താരം ക്ലബ് വിടാൻ തയ്യാറായേക്കില്ല.

എന്നാൽ ഇന്നലെ ചെൽസിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് എമിലിയാനോ മാർട്ടിനസിന്റെ സാന്നിധ്യമായിരുന്നു.മത്സരത്തിൽ ആസ്റ്റൺ വില്ല ക്ലീൻ ഷീറ്റ് നേടിയപ്പോൾ ഏഴു സേവുകളാണ് എമിലിയാനോ മാർട്ടിനസ് നടത്തിയത്. അതിൽ ആറു സേവുകളും ബോക്സിന്റെ ഉള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. ആറു റിക്കവറികളും നടത്തിയ താരത്തിനാണ് ഏറ്റവുമധികം റേറ്റിംഗ് മത്സരത്തിൽ ലഭിച്ചത്.

2.5/5 - (2 votes)