സൗദിയിൽ പോകുന്നതിനെ കുറിച്ച് ഒരുപാട് ചിന്തിച്ചുവെന്ന് ലിയോ മെസ്സി |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിയിൽ നിന്നും പടിയിറങ്ങിയതിനു ശേഷം അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിയിലേക്ക് ചേക്കേറിയത്. ഫ്രീ ട്രാൻസ്ഫറിലൂടെ ആയിരുന്നു എട്ടുതവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലിയോ മെസ്സിയുടെ അമേരിക്കൻ ഫുട്ബോളിലേക്കുള്ള കൂടു മാറ്റം.

ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ നിന്നും ലിയോ മെസ്സി പടിയിറങ്ങിയെക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മെസ്സിക്കുവേണ്ടി രംഗത്ത് വന്നത് നിരവധി ക്ലബ്ബുകളാണ്. ഒരു ബില്യൺ ഡോളറിന്റെ ഓഫറുമായി രംഗത്ത് വന്ന സൗദി ക്ലബ്ബ് അൽ ഹിലാൽ ഉൾപ്പെടെ പ്രമുഖ ക്ലബ്ബുകൾ മെസ്സിക്കുവേണ്ടി രംഗത്ത് എത്തി. എങ്കിലും തന്റെ ആദ്യ ഓപ്ഷൻ ബാഴ്സലോണയിലേക്ക് മടങ്ങുക എന്നതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലിയോ മെസ്സി.

“എനിക്ക് നിരവധി ആകർഷകമായ ഓഫറുകൾ ഉണ്ടായിരുന്നു. മിയാമിലേക്ക് പോകാനുള്ള തീരുമാനമെടുക്കുന്നതിനു മുമ്പ് ഞാൻ എന്റെ ഓഫറുകൾ വിശകലനം ചെയ്യുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു, കൂടാതെ എന്റെ ഫാമിലിയുടെ താല്പര്യം കൂടി പരിഗണിച്ചുകൊണ്ടാണ് ഭാവി തിരഞ്ഞെടുത്തത്. എന്റെ ആദ്യത്തെ ഓപ്ഷൻ ബാഴ്സലോണയിലേക്ക് തിരിച്ചു പോവുക എന്നത് മാത്രമായിരുന്നു, എന്നാൽ അത് സാധ്യമായ ഒരു ഓപ്ഷൻ ആയിരുന്നില്ല.”

“ബാഴ്സലോണ സാധ്യതകൾ അവസാനിച്ചതോടെ സൗദി അറേബ്യയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു എന്നത് സത്യമാണ്. സൗദി അറേബ്യയും അവിടെയുള്ള ഫുട്ബോളും വളർന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ഒന്നെങ്കിൽ സൗദി അറേബ്യയിലേക്ക് പോവുക അല്ലെങ്കിൽ മേജർ സോക്കർ ലീഗിൽ കളിക്കാൻ പോവുകയെന്ന തീരുമാനത്തിലെത്തി. ഈ രണ്ട് ആകർഷകമായ ഓഫറുകളിൽ നിന്നും അവസാനം ഞാൻ ഇന്റർമിയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു.” – ലിയോ മെസ്സി പറഞ്ഞു.

സൗദി അറേബ്യയിൽ സൂപ്പർ താരങ്ങൾക്കൊപ്പം ലിയോ മെസ്സിയും കളിക്കാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശ നൽകിയാണ് താരം അമേരിക്കൻ ഫുട്ബോളിലേക്കുള്ള തന്റെ പാത തിരഞ്ഞെടുത്തത്. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം ലിയോ മെസ്സിക്കൊപ്പം നേടുവാൻ ക്ലബ്ബിനു കഴിഞ്ഞു.ലീഗ് തലത്തിൽ ഇന്റർമിയാമി പരാജയപ്പെട്ടുവെങ്കിലും അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ് ലിയോ മെസ്സിയും സംഘവും.

Rate this post