❛എനിക്ക് ലയണൽ മെസ്സിയുടെ പാത പിന്തുടരണം❜- ജർമ്മനിയുടെ ബയേൺ മ്യുണിക് സൂപ്പർതാരം പറയുന്നു.

കേവലം 19 വയസ്സ് മാത്രമുള്ള ജമാൽ മുസിയാല ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് തന്റെ ക്ലബ്ബായ ബയേണിന് വേണ്ടി പുറത്തെടുക്കുന്നത്.ബുണ്ടസ്ലിഗയിൽ 10 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും 4 അസിസ്റ്റുകളും കരസ്ഥമാക്കി.യുവേഫ ചാമ്പ്യൻസ് ലീഗിലും ബുണ്ടസ്ലിഗയിലും താരം നടത്തുന്ന പ്രകടന മികവ് ലോക ഫുട്ബോളിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

അതേസമയം ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സിയും ഈ സീസണിൽ മിന്നും ഫോമിലാണ്. ആകെ 27 ഗോളുകളിലാണ് ഈ സീസണിൽ മെസ്സി പങ്കാളിത്തം അറിയിച്ചിട്ടുള്ളത്.15 ഗോളുകളും 12 അസിസ്റ്റുകളുമാണ് ഈ സീസണിൽ ആകെ മെസ്സി നേടിയിട്ടുള്ളത്.

ലയണൽ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് ജമാൽ മുസിയാല.ക്രിസ്റ്റ്യാനോയേക്കാൾ എന്തുകൊണ്ടും മികച്ച താരമാണ് മെസ്സി എന്ന് പറഞ്ഞ മുസിയാല താൻ ലയണൽ മെസ്സിയുടെ പാതകൾ പിന്തുടരുമെന്നും കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സിയും സാവിയും ഇനിയേസ്റ്റയും ഒരുമിച്ച് കളിച്ചിട്ടുള്ള ഒട്ടേറെ ബാഴ്സയുടെ മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അവർ ഫുട്ബോൾ കളിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്.റൊണാൾഡോക്ക് എല്ലാവിധ അഭിനന്ദനങ്ങളും എന്റെ ഭാഗത്തുനിന്നുണ്ടെങ്കിലും ഞാൻ ലയണൽ മെസ്സിക്കൊപ്പമാണ് നിൽക്കുക. ഒരുപാട് ഗോളുകളും ഒരുപാട് കിരീടങ്ങളും നേടിയ താരമാണ് മെസ്സി. മാത്രമല്ല ഇക്കാലമത്രയായിട്ടും അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും തത്വങ്ങളിൽ നിന്നും ഇപ്പോഴും ഒരു മാറ്റവും മെസ്സിക്ക് വന്നിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ പാതകളാണ് പിന്തുടരുക ‘ ജമാൽ മുസിയാല പറഞ്ഞു.

ലോക ഫുട്ബോളിൽ വളർന്നുവരുന്ന പല യുവതാരങ്ങളും ലയണൽ മെസ്സിയെയാണ് ഇപ്പോൾ മാതൃകയാക്കുന്നത്. മെസ്സിയെ കണ്ടുവളർന്ന ഒട്ടേറെ യുവതാരങ്ങൾ ഇപ്പോൾ ഫുട്ബോൾ ലോകത്തുണ്ട്.മുസിയാലയെ പോലെ ഇക്കാര്യം പലരും തുറന്നു പറഞ്ഞതുമാണ്.