മെസ്സിയെ തിരികെ എത്തിക്കുന്ന കാര്യത്തിൽ ഞാൻ ഇടപെടുകയോ തടസ്സം നിൽക്കുകയോ ചെയ്യില്ല -സ്പാനിഷ് പ്രസിഡന്റ്

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരികെ എത്തിയാൽ അത് സ്പാനിഷ് ഫുട്ബോളിനെ സംബന്ധിച്ചിടത്തോളവും കൂടുതൽ ഊർജ്ജം നൽകുന്ന ഒരു കാര്യമായിരിക്കും.ഒരുപാട് സൂപ്പർ താരങ്ങളെ നഷ്ടമായതിനാൽ ലാലിഗക്ക് പഴയ പ്രൗഢിയില്ല.അത് വീണ്ടെടുക്കാനുള്ള ഒരു സുവർണ്ണാവസരമാണ് മെസ്സിയെ തിരികെ എത്തിക്കൽ.അതിനുവേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ലാലിഗ ഇതുവരെ അനുമതി നൽകിയിട്ടില്ല.

ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരികെ എത്താൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്.അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സാമ്പത്തികപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ മെസ്സിയുടെ വരവ് ബാഴ്സക്ക് താങ്ങാൻ കഴിയില്ല എന്ന് തന്നെയാണ് ലാലിഗ പറഞ്ഞുവെക്കുന്നത്.ബാഴ്സ ഒരു പ്ലാൻ ലാലിഗക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവർ ഇതുവരെ അതിന് അപ്രൂവൽ നൽകിയിട്ടില്ല.

ലാലിഗ പ്രസിഡന്റ്‌ ടെബാസ് ഇതുവരെ പോസിറ്റീവ് ആയ ഒരു സമീപനം ബാഴ്സയോട് കാണിച്ചിട്ടില്ല.പക്ഷേ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ടായ ലൂയിസ് റുബിയാലസ് അങ്ങനെയല്ല.അദ്ദേഹം ലയണൽ മെസ്സി ബാഴ്സയിലേക്ക് എത്താൻ ആഗ്രഹിക്കുന്നുണ്ട്.മെസ്സിയെ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹത്തെ തിരികെ എത്തിക്കുന്ന കാര്യത്തിൽ ഇടപെടുകയോ തടസ്സം നിൽക്കുകയോ ചെയ്യുകയില്ല എന്നും റുബിയാലസ് വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തിയാൽ ഞങ്ങൾ രണ്ട് കൈകളും നീട്ടി അദ്ദേഹത്തെ സ്വീകരിക്കും.ഞാൻ മെസ്സിക്കെതിരെ കളിച്ചിട്ടുള്ള ഒരു വ്യക്തിയാണ്.വളരെ അതുല്യമായ ഒരു പ്രതിഭയാണ് അദ്ദേഹം.അദ്ദേഹത്തെ തിരികെ എത്തിക്കുന്ന കാര്യത്തിൽ ഞാൻ ഇടപെടുകയോ തടസ്സം നിൽക്കുകയോ ചെയ്യില്ല.ഇത് മെസ്സിയെയും ബാഴ്സയെയും സംബന്ധിക്കുന്ന വിഷയമാണ്.അവർ അദ്ദേഹവുമായി ചർച്ചകൾ നടത്തുന്നുണ്ടോ ഇല്ലയോ എന്നുള്ളത് നമുക്കറിയില്ല.അദ്ദേഹം അസാധാരണമായിട്ടുള്ള ഒരു താരം തന്നെയാണ് ‘റുബിയാലസ് പറഞ്ഞു.

നിലവിലെ അവസ്ഥയിൽ ലയണൽ മെസ്സിയെ എത്തിക്കാൻ ബാഴ്സക്ക് കഴിയില്ല എന്ന് തന്നെയായിരുന്നു കഴിഞ്ഞ ദിവസവും ടെബാസ് പറഞ്ഞിരുന്നത്.മെസ്സിയെ കൂടാതെ പല താരങ്ങളെയും ബാഴ്സ ലക്ഷ്യം വെക്കുന്നുണ്ട്.പക്ഷേ അവരെയൊക്കെ ടീമിൽ എത്തിക്കണമെങ്കിൽ ബാഴ്സക്ക് ഒരുപാട് പ്രതിസന്ധികളെ മറികടക്കേണ്ടതുണ്ട്.ബാഴ്സക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി ഒരു വർഷം കൂടി പാരീസിൽ തന്നെ തുടർന്നേക്കും.

5/5 - (1 vote)