ഗർനാച്ചോയെ മാത്രമല്ല,തങ്ങളുടെ സൂപ്പർതാരത്തെയും വിട്ടുനൽകില്ലെന്ന് റയൽ മാഡ്രിഡ്, അർജന്റീന പ്രതിസന്ധിയിൽ

വരുന്ന അണ്ടർ 20 വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് അർജന്റീന ടീമുള്ളത്.അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോയാണ് അണ്ടർ 20 ടീമിനെ പരിശീലിപ്പിക്കുന്നത്.കഴിഞ്ഞ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ വളരെ മോശം പ്രകടനമായിരുന്നു അർജന്റീന നടത്തിയിരുന്നത്.പ്രധാനപ്പെട്ട താരങ്ങളുടെ അഭാവത്തിൽ ഇറങ്ങിയ അർജന്റീനക്ക് വേൾഡ് കപ്പിനുള്ള യോഗ്യത പോലും നേടാൻ കഴിഞ്ഞിരുന്നില്ല.

പക്ഷേ പിന്നീട് ആതിഥേയത്വം വഹിക്കാനുള്ള അവസരം അർജന്റീനക്ക് വരികയും അതവർ ഉപയോഗപ്പെടുത്തുകയും ചെയ്തു.ആതിഥേയർ എന്ന നിലയിലാണ് അർജന്റീന അണ്ടർ 20 വേൾഡ് കപ്പ് കളിക്കുക.പരിശീലകസ്ഥാനം രാജിവെക്കാൻ മശെരാനോ ഒരുങ്ങിയിരുന്നുവെങ്കിലും അദ്ദേഹത്തെ തന്നെ തുടരാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിർബന്ധിപ്പിക്കുകയായിരുന്നു.ഏതായാലും ഈ വേൾഡ് കപ്പിൽ എങ്കിലും മികച്ച പ്രകടനം അർജന്റീനയുടെ അണ്ടർ 20 ടീമിന് നടത്തേണ്ടതുണ്ട്.

പല പ്രധാനപ്പെട്ട താരങ്ങളുടെയും അഭാവത്തിലായിരുന്നു അർജന്റീന അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് കളിച്ചിരുന്നത്.അണ്ടർ 20 വേൾഡ് കപ്പിനുള്ള സ്‌ക്വാഡിൽ ഒരുപാട് സൂപ്പർതാരങ്ങളെ അർജന്റീന ഉൾപ്പെടുത്തിയിരുന്നു.പക്ഷേ അലജാൻഡ്രോ ഗർനാച്ചോയെ വിട്ട് നൽകില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനമെടുക്കുകയായിരുന്നു.അർജന്റീന പരമാവധി ശ്രമിച്ചുവെങ്കിലും അത് ഫലം കണ്ടില്ല.

ഇപ്പോഴിതാ മറ്റൊരു തിരിച്ചടി കൂടി അർജന്റീന ലഭിച്ചിട്ടുണ്ട്.മറ്റൊരു സൂപ്പർതാരമായ നിക്കോ പാസിനും ഈ വേൾഡ് കപ്പിൽ കളിക്കാൻ കഴിയില്ല.അദ്ദേഹത്തിന്റെ ക്ലബ്ബായ റയൽ മാഡ്രിഡ് താരത്തെ വിട്ടു നൽകില്ല എന്നുള്ള കാര്യം അർജന്റീനയെ അറിയിച്ചിട്ടുണ്ട്.ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിന് വേണ്ടിയാണ് ഈ മധ്യനിര താരം കളിച്ചുകൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ ഈ ക്ലബ്ബുകളുടെ കടുംപിടുത്തമൊക്കെ അർജന്റീനക്കാണ് തിരിച്ചടി സൃഷ്ടിക്കുന്നത്.യൂറോപ്പിലെ ടീമുകൾക്ക് താരങ്ങളെ വിട്ട് നൽകണം എന്ന് നിർബന്ധമില്ല.അതാണ് ഇപ്പോൾ അർജന്റീനക്ക് തിരിച്ചടിയായിരിക്കുന്നത്. ഏതായാലും മശെരാനോക്ക് കീഴിൽ മികച്ച പ്രകടനം അർജന്റീനക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post