പിഎസ്‌ജി പരിശീലന മൈതാനത്ത് ലയണൽ മെസിയും യുവതാരവും തമ്മിൽ തർക്കം |Lionel Messi

ഫ്രഞ്ച് ക്ലബായ പിഎസ്‌ജി ഈ സീസണിൽ സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ലീഗിലും ചാമ്പ്യൻസ് ലീഗിലും അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത ടീമിൽ താരങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളുമുണ്ട്. മൊണോക്കോയുമായുള്ള മത്സരത്തിന് ശേഷം നെയ്‌മർ ടീമിലെ താരങ്ങളുമായും സ്പോർട്ടിങ് ഡയറക്റ്ററുമായും വാക്കേറ്റമുണ്ടാക്കിയത് ഈ പ്രശ്‌നങ്ങൾ വെളിച്ചത്തു വരാനിടയാക്കി.

ലില്ലേക്കെതിരെ നടന്ന മത്സരത്തിൽ പിഎസ്‌ജി പൊരുതി നേടിയ വിജയം ടീമിനെ കൂടുതൽ ഒത്തൊരുമയോട് കൂടി പ്രവർത്തിക്കാൻ സഹായിക്കും എന്നാണു ഏവരും കരുതിയിരുന്നത്. എന്നാൽ പിഎസ്‌ജിയിലെ പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് നിലവിൽ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ ലയണൽ മെസിയും ടീമിലെ യുവതാരം വിറ്റിന്യയും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്.

പരിശീലനം നടത്തുന്നതിനിടെ വിറ്റിന്യ തനിക്ക് നേരെ നടത്തിയ ചലഞ്ചാണ് മെസിയെ പ്രകോപിപ്പിച്ചത്. കുറച്ച് പരുക്കനായ ഫൗൾ താരം നടത്തിയതാണ് മെസിക്ക് ഇഷ്‌ടപ്പെടാതെ പോയത്. തന്റെ പ്രശ്‌നം മെസി കൃത്യമായി അറിയിച്ചതിനെ തുടർന്നാണ് താരങ്ങൾ തമ്മിൽ ചെറിയ തോതിൽ തർക്കമുണ്ടായത്. ഇതിനു മുൻപ് നെയ്‌മർ തർക്കത്തിലേർപ്പെട്ടതും വിറ്റിന്യയോടായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി നേതൃത്വത്തിന് പോർച്ചുഗൽ താരത്തിലുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മറിൽ ടീമിലെത്തിയ വിറ്റിന്യയുടെ പ്രകടനം ടീമിനെ സഹായിക്കുന്നില്ലെന്ന അഭിപ്രായം പലർക്കുമുണ്ട്. കൃത്യമായി പാസ് നൽകാത്തതും പിഎസ്‌ജി മുന്നേറ്റങ്ങളെ തളർത്തുന്നതുമായ രീതിയാണ് പോർച്ചുഗൽ താരത്തിന്റേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലില്ലേക്കെതിരെ പൊരുതി വിജയം നേടിയ പിഎസ്‌ജി അടുത്ത മത്സരത്തിൽ അതിനേക്കാൾ കടുത്ത പോരാട്ടത്തിനാണ് ഇറങ്ങുന്നത്. ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്‌ജിയെ പുറത്താക്കിയ ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഴ്‌സയാണ് പിഎസ്‌ജിയുടെ എതിരാളികൾ. അതിൽ പരാജയപ്പെട്ടാൽ ലീഗിൽ വെറും രണ്ടു പോയിന്റിന്റെ ലീഡ് മാത്രമേ പിഎസ്‌ജിക്കുണ്ടാവൂ.

3.5/5 - (8 votes)