മെസ്സിക്കും നെയ്മർക്കും രണ്ടടി മാറിനിൽക്കാം, സാലറിയുടെ കാര്യത്തിൽ എംബപ്പേ തന്നെ രാജാവ്,കണക്കുകൾ പുറത്തുവിട്ട് ഫ്രഞ്ച് മീഡിയ

യൂറോപ്പിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ,കഴിഞ്ഞ കുറെ വർഷമായി സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആധിപത്യം കാണാൻ സാധിക്കും.പിന്നീട് നെയ്മർ ജൂനിയർ പിഎസ്ജിയിലേക്ക് എത്തിയതോടുകൂടി നെയ്മറും സജീവമായി മുമ്പിലുണ്ടായിരുന്നു.പക്ഷേ ഇനി കിലിയൻ എംബപ്പേയുടെ കാലമാണ്.

കഴിഞ്ഞ തവണയായിരുന്നു എംബപ്പേയുടെ കരാർ ക്ലബ്ബായ പിഎസ്ജി പുതുക്കിയത്.താരത്തിന്റെ കരാർ പുതുക്കാൻ ക്ലബ്ബിന് വളരെയധികം പണിപ്പെടേണ്ടി വന്നിരുന്നു.അതുകൊണ്ടുതന്നെ കണ്ണഞ്ചിപ്പിക്കുന്ന സാലറി നൽകിക്കൊണ്ടായിരുന്നു അദ്ദേഹത്തെ പിഎസ്ജി ക്ലബ്ബിൽ തന്നെ പിടിച്ചു നിർത്തിയത്.അതിന്റെ വ്യക്തമായ കണക്കുകൾ ഇപ്പോൾ ഫ്രഞ്ച് മീഡിയയായ ലെ എക്കുപ്പെ പുറത്തുവിട്ടു കഴിഞ്ഞു.

യൂറോപ്പിൽ ഏറ്റവും കൂടുതൽ സാലറി സമ്പാദിക്കുന്ന താരം കിലിയൻ എംബപ്പേ തന്നെയാണ്.ഒരുമാസം 6 മില്യൺ യൂറോയാണ് എംബപ്പേ സാലറിയായി കൊണ്ട് ക്ലബ്ബിൽ നിന്നും കൈപ്പറ്റുന്നത്.തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ള നെയ്മർ ജൂനിയർ,ലയണൽ മെസ്സി എന്നിവർ സ്വന്തമാക്കുന്ന സാലറിയെക്കാൾ ഇരട്ടിയോളം വരും ഇവരുടെ സഹതാരമായ എംബപ്പേയുടെ സാലറി.

6 മില്യൺ യൂറോ സാലറി സ്വന്തമാക്കുന്ന എംബപ്പേക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് 3.675 മില്യൺ യൂറോ സാലറി സ്വന്തമാക്കുന്ന നെയ്മർ ജൂനിയറാണ്.3.375 മില്യൺ യുറോ സാലറി സ്വന്തമാക്കുന്ന ലയണൽ മെസ്സിയാണ് മൂന്നാം സ്ഥാനത്ത് വരുന്നത്.സൂപ്പർതാരങ്ങളായ ഹസാർഡ്,ലെവന്റോസ്ക്കി,മാനെ,ഡി ബ്രൂയിന,ബുസ്ക്കെറ്റ്സ്,അലാബ,ഹാലന്റ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളത്.

മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വലിയ സാലറി സൗദി അറേബ്യൻ ക്ലബ്ബിൽ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.പക്ഷേ അദ്ദേഹം യൂറോപ്പിന് പുറത്തായതിനാൽ ഈ ലിസ്റ്റിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല.യൂറോപ്പിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങിക്കൊണ്ട് രാജാവായി വിലസുന്നത് ഇപ്പോൾ എംബപ്പേ തന്നെയാണ്.ഇനി അടുത്ത കാലത്തൊന്നും ഇക്കാര്യത്തിൽ എംബപ്പേയെ ആരെങ്കിലും മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുമില്ല.

Rate this post