❝ അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയെ പരാജയപ്പെടുത്തിയ ഇന്ത്യൻ യുവ നിര ❞

ബ്രസീലിനെതിരെയുള്ള കോപ്പ അമേരിക്ക വിജയത്തോടെ അർജന്റീനയുടെ 28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചതോടെ സൂപ്പർ താരമായിരിക്കുകയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി.ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ മരക്കാന സ്റ്റേഡിയത്തിൽ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ ഏക ഗോളിന് പരാജയപ്പെടുത്തി കിരീടം നേടിയപ്പോൾ ലോകത്തിന്റെ മറുവശത്ത് ഇന്ത്യയിലെ ഒരു കൂട്ടം ചെറുപ്പക്കാർ വിസ്മയത്തോടെയാണ് അർജന്റീന പരിശീലകനെ നോക്കി കണ്ടത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾക്കെതിരെ വന്ന പരിശീലകൻ സാക്ഷാൽ ലയണൽ മെസ്സിയടക്കമുള്ള ടീമംഗങ്ങളെയും പരിശീലിപ്പിച്ച് ലോകത്തിലെ ഏറ്റവും അഭിമാനകരമായ കിരീടങ്ങളിലൊന്ന് ഉയർത്തിയിരിക്കുകയാണ്.

ആൽ‌ബിസെലെസ്റ്റെയുടെ ചുമതല ഏറ്റെടുക്കുന്നതിനുമുമ്പ് ലയണൽ സ്കലോണി അർജന്റീന അണ്ടർ -20 ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു. സ്പെയിനിൽ നടന്ന കോട്ടിഫ് കപ്പിൽ ഇന്ത്യൻ അണ്ടർ 20 ടീമിനെ നേരിടപ്പോൾ സ്കെലോണി ആയിരുന്നു പരിശീലകൻ. അർജന്റീന അണ്ടർ 20 ടീമിനെതിരെ ഇന്ത്യൻ ടീം 2 -1 ന്റെ അട്ടിമറി ജയം നേടി .ഇന്ത്യൻ ക്യാപ്റ്റൻ അമർജിത് സിംഗ് ,ജിക്‌സൺ സിംഗ് എന്നിവരായിരുന്നു ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം പുറത്തെടുത്തത്.മത്സര ശേഷം ഇന്ത്യൻ യുവ താരങ്ങളെ സ്കെലോണിയും സഹായിയായ പാബ്ലോ അയ്‌മറും അഭിനന്ദിക്കുകയും ചെയ്തു.

മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ ഗോൾ നേടി ഇന്ത്യ അർജന്റീനയെ ഞെട്ടിച്ചു. നിന്തോയ്ഗൻബ മീറ്റെ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ ദീപക് തൻഗ്രിയാണ് ഗോൾ നേടിയത്. ഗോൾ നേടിയ ഇന്ത്യൻ ടീം ആദ്യ പകുതിയിൽ കുറച്ച് അവസരങ്ങൾ കൂടി സൃഷ്ടിക്കുകയും മിഡ്ഫീൽഡിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അമർജിത് സിംഗ് കിയാമിൽ നിന്ന് പാസ് ലഭിച്ചതിന് ശേഷം അലിക്ക് അവസരം ലഭിച്ചെങ്കിലും അർജന്റീന ഗോൾകീപ്പർ രക്ഷകനായി. 54 ആം മിനുട്ടിൽ ജാദവിന് റെഡ് കാർഡ് ലഭിച്ചതോടെ ഇന്ത്യ പത്തു പേരുമായി ചുരുങ്ങി. എന്നാൽ പത്തു പേരുമായി ചുരുങ്ങിയെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഇന്ത്യ 68 ആം മിനുട്ടിൽ ലീഡ് നേടി.അൻവർ അലി നേടിയ ഫ്രീ കിക്കിലൂടെയാണ് ഗോൾ നേടിയത്.

72 ആം മിനുട്ടിൽ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും മത്സരം ഇന്ത്യ വിജയിച്ചു. ഗ്രൂപ് ഘട്ടത്തിൽ നാല് മത്സരങ്ങൾ കളിച്ച ഇന്ത്യ ഒരു സമനിലയും ഒരു വിജയവും നേടി അവസാനക്കാരായാണ് ഗ്രൂപ്പിൽ ഫിനിഷ് ചെയ്തത്. ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ഫൈനലിൽ റഷ്യയെ പരാജയപെടുത്തി അർജന്റീന കിരീടം നേടി.
ഇന്ത്യ അണ്ടർ 20 ടീം : പ്രഭുസുഖൻ ഗിൽ , ആഷിഷ് റായ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സാഹിൽ പൻവർ, ബോറിസ് സിംഗ് തങ്‌ജാം, സുരേഷ് സിംഗ് വാങ്‌ജാം, ദീപക് താംഗ്രി, അമർജിത് സിംഗ് കിയാം , നിന്തോയ്നൻബ മീതേവ്, അനികേത് ജാദി.

Rate this post