കെല്ലിനി- ബൊനൂച്ചി ; ❝ ഇറ്റാലിയൻ പ്രതിരോധ നിരയിലെ കലാകാരന്മാർ ❞

ലയണൽ മെസ്സി കോപ്പ കിരീടം നേടിയപ്പോൾ അർഹിച്ച കിരീടം നേടി എന്നാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ പ്രതികരിച്ചത്. മെസ്സിയുടെ കീരീടനേട്ടം ലോകഫുട്ബോള്‍ ആരാധകര്‍ എല്ലാ അതിര്‍വരംബുകളും ഭേദിച്ച് ഒരുമിച്ച് ആഘോഷിക്കുംബോള്‍ അതുപോലെ ആഘോഷിക്കപ്പെടേണ്ട എന്നാല്‍ ആഘോഷിക്കപ്പെടാതെ പോയ ഒരു കിരീട നേട്ടമായിരുന്നു യൂറോ കപ്പ് ഇറ്റലിക്ക് നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഇറ്റാലിയൻ പ്രതിരോധം കാത്ത വെറ്ററൻ ജോഡികളായ കെല്ലിനിയും ,ബൊനൂച്ചിയുടെയും. ഒരു യൂറോപ്യന്‍ ടൈറ്റില്‍ ഇവര്‍ അര്‍ഹിക്കുന്നത് പോലെ മറ്റാരെങ്കിലും അര്‍ഹിക്കുന്നുണ്ടോ എന്ന് സംശയമാണ്, 2012 യൂറോ ഫൈനല്‍,2015,2017 ചാംപ്യന്‍സ് ലീഗ് ഫൈനല്‍,ഈ മല്‍സരങ്ങളെല്ലാം ഇറ്റലിയും ജുവെയും തോറ്റപ്പോള്‍ ഗ്രൗണ്ടില്‍ കണ്ണീര്‍ വാര്‍ത്ത് ഇവരുണ്ടായിരുന്നു.കാലത്തിന്‍റെ കാവ്യനീതി ഫുട്ബോളിൽ ഒരേ ദിവസം രണ്ടു തവണ നടപ്പിലാവുകയും ചെയ്തു .

ഈ യൂറോ കപ്പിൽ പരാജയമറിയാത്ത കിരീടത്തിലേക്കുള്ള ഇറ്റലിയുടെ കുതിപ്പിന് പിന്നിലെ രണ്ടു പ്രധാന താരങ്ങളാണ് വെറ്ററൻ ഡിഫെൻഡർമാരായ അടുത്ത മാസം 37 വയസ്സ് തികയുന്ന ജോർജിയോ കെല്ലിനിയും 34 കാരനായ ലിയോനാർഡോ ബൊനൂച്ചിയും. ഇറ്റാലിയൻ പ്രതിരോധത്തിന്റെ നട്ടെല്ല് തന്നെയാണ് ഇരു താരങ്ങളും. കഴിഞ്ഞ 11 വർഷമായി ഇറ്റാലിയൻ ടീമിന്റെ പ്രതിരോധം കാക്കുന്ന ഈ യുവന്റസ് താരങ്ങളെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ജോഡികളായാണ് കണക്കാക്കുന്നത്.എട്ട് സിരി എ കിരീടങ്ങളും നാല് ഇറ്റാലിയൻ കപ്പ് ട്രോഫികളും ഒരുമിച്ച് നേടിയ ഇവർ ഓരോരുത്തരും തങ്ങളുടെ രാജ്യത്തിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രായമല്ല പ്രകടനങ്ങളാണ് ഫുട്ബോൾ കളത്തിൽ പ്രധാനമാകുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനങ്ങൾ.

സമ്മർദമില്ലാതെ കളിക്കാൻ സാധിക്കുന്നതാണ് ഇരു താരങ്ങളുടെയും പ്രത്യേകത. യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സ്‌ട്രൈക്കർമാരെ പതറാതെ പിടിച്ചു കെട്ടിയവരാണ് ഇരു താരങ്ങളും. ഇറ്റാലിയല്‍ ദേശീയ ടീമിന് അത്ര നല്ല കാലമായിരുന്നില്ല കഴിഞ്ഞ ദശാബ്ദം,അതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് ഇന്ന് ഇറ്റലി പഴയ പ്രതാപത്തോടെ യൂറോപ്പ് കീഴടക്കിയെകില്‍ അതിനു പിന്നിലെ അടിത്തറയും ഇവര്‍ നേതൃത്വം നല്‍കിയ ഡിഫന്‍സ് തന്നെയാണ്.ടൂർണമെന്റിലെ താരമായി ഡൊണ്ണരുമ്മ മാറി എങ്കിലും ഈ ടൂർണമെന്റ് ഓർമ്മിക്കപ്പെടുക ബൊണൂചിയുടെയും കില്ലിനിയുടെയും കൂട്ടുകെട്ടിന്റെ പേരിലായിരിക്കും.

1990കളുടെ അവസാനത്തിലും 2000ന്റെ തുടത്തിലും നെസ്റ്റയയും മാൾഡിനിയും എങ്ങനെ ഇറ്റലിയുടെ മുഖമായോ അതുപ്പോലെയാണ് ഇപ്പോൾ ബൊണൂചിയും കില്ലിനിയും. അന്ന് നെസ്റ്റയും മാൾഡിനിയും മിലാനിലും ഇറ്റലിയിലും ഒരുപോലെ മതിൽ തീർത്തു. ഇന്ന് ഇവർ യുവന്റസിനു വേണ്ടിയും ദേശീയ ടീമിനു വേണ്ടിയും മതിൽ തീർക്കുന്നു.ഈ യൂറോ ടൂർണമെന്റിൽ ഒരു അറ്റാക്കിംഗ് താരം പോലും ഈ കൂട്ടുകെട്ടിനെ ഡ്രിബിൾ ചെയ്ത് മുന്നേറിയിട്ടില്ല. ഒരു ഷോട്ട് പോലും ഇവരുടെ പിഴവിൽ നിന്ന് എതിർ താരങ്ങൾക്ക് കിട്ടിയില്ല. പരിചയസമ്പത്ത് മറ്റേതു ഘടകത്തേക്കാളും ഫുട്ബോളിൽ പ്രധാനമാണ് എന്നതിന്റെ തെളിവു കൂടിയായി ഇവരുടെ പ്രകടനങ്ങൾ.

2004 ൽ 20 വയസ്സിൽ ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച കെല്ലിനി അവർക്കായി 112 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടിയിട്ടുണ്ട്. കെല്ലിനിയെക്കാൾ രണ്ടു വയസ്സ് കുറവാണെങ്കിലും 2010 ൽ മാത്രമാണ് ബൊനൂച്ചി ഇറ്റാലിയൻ ടീമിലെത്തിയത്. ദേശീയ ടീമിനൊപ്പം 109 മത്സരങ്ങളിൽ നിന്നും ഫൈനലിലെ ഗോളുൾപ്പെടെ 8 ഗോളുകൾ നേടിയിട്ടുണ്ട്. കെല്ലിനി 2005 ൽ യുവന്റസിലെത്തിയപ്പോൾ 2010 ലാണ് ബൊനൂച്ചി യുവന്റസിലെത്തുന്നത്. 2017 -18 സീസണിൽ ബൊനൂച്ചി എസി മിലാനിൽ എത്തിയെങ്കിലും ഒരു സീസണ് ശേഷം വീണ്ടും യുവന്റസിലെത്തി. കഴിഞ്ഞ 10 വർഷമായി ദേശീയ ടീമിനൊപ്പവും ക്ലബ്ബിലും ഒരു മനസുമായി കളിക്കുന്ന ഇരു താരങ്ങളും അടുത്ത വർഷത്തെ വേൾഡ് കപ്പിലും ഇറ്റാലിയൻ പ്രതിരോധം കാക്കാൻ ഉണ്ടാവും എന്നാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്.

Rate this post