തകർപ്പൻ ഗോളുമായി മിശിഹാ ഫോം തുടരുന്നു, ലീഗ് കപ്പിലെ ഫൈനലിലേക്ക് ഇന്റർ മിയാമിയും

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഫോമിൽ വീണ്ടും തകർത്താടിയ ഇന്റർമിയാമി ലീഗ് കപ്പിന്റെ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. ഇന്ന് നടന്ന ഫിലഡെൽഫിയ യൂണിയനെതിരായ മത്സരത്തിലാണ് ഇന്റർമിയാമി വീണ്ടും വമ്പൻ വിജയം ആസ്വദിച്ചത്. എതിർ ടീമിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇന്റർമിയാമി വിജയം നേടി.

അമേരിക്കൻ ലീഗ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഫിലഡൽഫിയ യൂണിയന്റെ ഹോം മൈതാനമായ സുബാറു പാർക്ക് പെൻസിൽവാനിയയിൽ കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമി ആദ്യപകുതിയിൽ തന്നെ വിജയം ഉറപ്പിച്ചിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ മാർട്ടിനസിന്റെ ഗോളിലൂടെ ലീഡ് നേടിയ ഇന്റർ മിയാമിക്കുവേണ്ടി 20 മിനിറ്റിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ ലീഡ് രണ്ടായി ഉയർത്തി.

ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് ബാഴ്സലോണയുടെ മുൻ താരമായ ജോർഡി ആൽബ മിയാമി ജേഴ്സിയിലെ ആദ്യ ഗോളുമായി വന്നതോടെ മൂന്നു ഗോളിന്റെ ലീഡിൽ ഇന്റർമിയാമി ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 73 മിനിറ്റിൽ ബെടോയയുടെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫിലഡെൽഫിയ ശ്രമിച്ചഎങ്കിലും 84 മിനിറ്റിൽ റൂയിസ് നേടുന്ന ഗോളിൽ ഇന്റർമിയാമി മത്സരം അവസാനിപ്പിച്ചു.

അവസാന വിസിൽ ഉയർന്നപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടിയ ഇന്റർമിയാമി ലീഗ് കപ്പ്‌ ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചു. ഓഗസ്റ്റ് 19നാണ് ലീഗ് കപ്പിന്റെ ഫൈനൽ മത്സരം അരങ്ങേറുന്നത്. ഇന്ന് രാവിലെ 7 മണിക്ക് നടക്കുന്ന മോന്റെറെ vs നാഷ്വില്ലേ സെമിഫൈനൽ മത്സരത്തിലെ വിജയികളെയായിരിക്കും ഇന്റർമിയാമി ഫൈനലിൽ വച്ച് നേരിടുക.

Rate this post