റയൽ മാഡ്രിഡും, ഇന്റർ മിലാനും, സ്പോർട്ടിങ് ലിസ്ബണും അവസാന പതിനാറിൽ ; ബൊറൂസിയ യൂറോപ്പ ലീഗിലേക്ക്
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ സ്വന്തം മൈതാനത്ത് ഷെരീഫിനോട് വഴങ്ങിയ തോൽവിക്ക് പ്രതികാരം ചെയ്തു റയൽ മാഡ്രിഡ്. ഇത്തവണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് റയൽ ഷെരീഫിനെ വീഴ്ത്തിയത്. ജയത്തോടെ ഗ്രൂപ്പിൽ നിലവിൽ ഒന്നാം സ്ഥാനത്ത് എത്താനും ഇതിനകം അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ച റയലിന് ആയി. റയലിന്റെ വലിയ ആധിപത്യം കണ്ട മത്സരമായിരുന്നു ഇത്.ഡേവിഡ് അലാബയും ടോണി ക്രൂസും കരീം ബെൻസിമയും റയലിനായി ലക്ഷ്യം കണ്ടു.സാന്റിയാഗോ ബെർണബ്യൂവിൽ അരങ്ങേറിയ ഹോം മത്സരത്തിൽ റയൽ മാഡ്രിഡിനെ ഷെരിഫ് അട്ടിമറിച്ചിരുന്നു.
മത്സരത്തിന്റെ 30 മത്തെ മിനിറ്റിൽ ഡേവിഡ് അലാബയുടെ ഫ്രീകിക്ക് ഷെരീഫ് താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ച ഗോളിലൂടെയാണ് റയൽ മുന്നിൽ എത്തുന്നത്.ആറ് വർഷത്തിനിടെ തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത് . തുടർന്ന് ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പ് റോഡ്രിഗോയുടെ പാസിൽ നിന്നു ടോണി ക്രൂസിന്റെ കൃത്യമായ ഷോട്ട് റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു. ക്രൂസിന്റെ അടി ബാറിൽ തട്ടി ഗോൾ ആവുക ആയിരുന്നു. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ഫെർലാന്റ് മെന്റിയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ സീസണിൽ അപാര ഫോമിലുള്ള കരീം ബെൻസെമ റയൽ ജയം പൂർത്തിയാക്കുക ആയിരുന്നു.ജയത്തോടെ 12 പോയിന്റുമായി റയൽ മാഡ്രിഡ് പ്രീ ക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു.
സാൻ സിറോയിൽ ഷാക്തർ ഡൊനെറ്റ്‌സ്‌കിനെതിരെ നേടിയ ജയവുമായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് ഇന്റർ മിലൻ. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഇന്റർ നേടിയത്.. സ്ട്രൈക്കർ ജെക്കോയുടെ ഇരട്ട ഗോളുകൾ ആണ് ഇറ്റാലിയൻ ടീമിന് രക്ഷയായത്. രണ്ടാം പകുതിയിൽ ആറു മിനുട്ടിന്റെ ഇടവേളയിൽ ആയിരുന്നു ഈ രണ്ടു ഗോളുകളും പിറന്നത്. 61ആം മിനുട്ടിൽ ആയിരുന്നു ജെക്കോയുടെ ആദ്യ ഗോൾ. 67 ആം മിനുട്ടിൽ രണ്ടാം ഗോളും നേടി.യൂറോപ്യൻ ക്ലബ് മത്സരങ്ങളിലെ തന്റെ 50-ാം ഗോൾ കുറിക്കാനും സെക്കോക്കായി.2011-12 ന് ശേഷം ആദ്യമായാണ് ഇന്റർ അവസാന 16ൽ ഇടം നേടുന്നത്.
ഗ്രൂപ് സിയിൽ കളിച്ച 5 മത്സരങ്ങളിലും ജയം കണ്ടു അയാക്‌സ്. തുർക്കി ക്ലബ് ബെസ്കിറ്റാസിന് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നാണ് ഡച്ച് വമ്പന്മാർ ജയം കണ്ടത്. . മത്സരത്തിൽ വ്യക്തമായ ആധിപത്യം കാണിച്ചു എങ്കിലും ആദ്യ പകുതിയുടെ 28 മത്തെ മിനിറ്റിൽ അയാക്‌സ് പിറകിൽ പോയി. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട റാച്ചിദ് ഗസെൽ ആണ് തുർക്കി ക്ലബിന് മുൻതൂക്കം സമ്മാനിച്ചത്.54 മത്തെ മിനിറ്റിൽ ടാഗ്ലിയഫകയുടെ പാസിൽ നിന്നു ഹാളർ നേടിയ സമനില ഗോൾ. തുടർച്ചയായ അഞ്ചാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഹാളർ തന്റെ ഗോളടി തുടർന്നു. 69മത്തെ മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ചാമ്പ്യൻസ് ലീഗിലെ തന്റെ ഒമ്പതാം ഗോളും നേടിയ ഹാളർ അയാക്‌സ് ജയം ഉറപ്പിക്കുക ആയിരുന്നു. ലീസാൻഡ്രോ മാർട്ടിനസിന്റെ മികച്ച ഒരു ഫ്രീക്കിക്കിൽ നിന്നായിരുന്നു ഹാളറിന്റെ ഈ ഗോൾ.
പോർച്ചുഗീസ് ടീമായ സ്പോർട്ടിങ് ലിസ്ബണോടു ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെ ഗ്രൂപ്പ് സിയിൽ അയാക്‌സിന് പിറകിൽ രണ്ടാമത് ആവുക എന്ന ഡോർട്ട്മുണ്ട് പ്രതീക്ഷകൾ അവസാനിച്ചു. ഇതോടെ ഗ്രൂപ്പിൽ മൂന്നാമതായ അവർ യൂറോപ്പ ലീഗിലേക്ക് പോവും. ലിസ്ബൺ അവസാന പതിനാറിലും ഇടം പിടിക്കും. ആദ്യ പകുതിയിൽ 30 മത്തെ മിനിറ്റിൽ 23 കാരനായ പോർച്ചുഗീസ് താരം പെഡ്രോ ഗോൺസാൽവസ് ആണ് ലിസ്ബണിനു ആദ്യ ഗോൾ സമ്മാനിക്കുന്നത്.തുടർന്ന് പാബ്ലോ സറാബിയയുടെ പാസിൽ നിന്നു പെഡ്രോ പോർച്ചുഗീസ് ടീമിന്റെ രണ്ടാം ഗോളും സമ്മാനിക്കുന്നു. തുടർന്ന് പൗളീന്യോയെ വീഴ്ത്തിയതിന് ലിസ്ബണിനു വാർ അനുവദിച്ച പെനാൽട്ടി കൂടി ലഭിച്ചു. എന്നാൽ ഹാട്രിക് നേടാനായി പെനാൽട്ടി എടുത്ത പെഡ്രോ ഗോൺസാൽവസിന്റെ പെനാൽട്ടി ഡോർട്ട്മുണ്ട് ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ റീബൗണ്ട് ഹെഡറിലൂടെ ഗോളാക്കി മാറ്റിയ പെഡ്രോ പൊരോ ലിസ്ബണിനു മൂന്നാം ഗോളും നേടിക്കൊടുത്തു.