ഏറെ നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണിനെക്കുറിച്ച് ഇഷാൻ പണ്ഡിത | Kerala Blasters | Ishan Pandita
വലിയ പ്രതീക്ഷകളോടെ ഈ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച താരമാണ് ഇഷാൻ പണ്ഡിത. ഡൽഹിക്കാരനായ ഇഷാൻ, ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 2021 മുതൽ 2023 വരെ ഐഎസ്എല്ലിൽ ജംഷഡ്പൂർ താരമായിരുന്ന ഇഷാൻ പണ്ഡിത, 6 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, ബ്ലാസ്റ്റേഴ്സിൽ എത്തിയ ഇഷാൻ പണ്ഡിത സീസണിൽ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയില്ല. രണ്ടുവർഷത്തെ കോൺട്രാക്ടിൽ എത്തിയ ഇഷാൻ പണ്ഡിത, കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ആദ്യ സീസണിൽ ടീമിനുവേണ്ടി 10 ഐഎസ്എൽ മത്സരങ്ങൾ കളിച്ചെങ്കിലും, ഒരു ഗോൾ പോലും സ്കോർ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല.
2023/24 comes to an end. Kerala, thank you for your love and support! You carried us though this difficult season. 🙏❤️ pic.twitter.com/jhVEqtQo59
— Ishan Pandita (@_ishanpandita_) April 21, 2024
സീസണിലെ ആദ്യ മത്സരങ്ങളിൽ സബ്റ്റിറ്റ്യൂട്ട് ആയി ആണ് ഇഷാൻ പണ്ഡിത കളത്തിൽ എത്തിയിരുന്നതെങ്കിലും ടീമിന്റെ പ്രധാന താരങ്ങൾ പരിക്ക് മൂലം പുറത്തിരുന്നതോടെ, സീസണിലെ അവസാന മത്സരങ്ങളിൽ നിർണായക ഉത്തരവാദിത്തം ഇഷാൻ പണ്ഡിതക്ക് ടീമിൽ ഉണ്ടായിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും ആരാധകരും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഇഷാൻ പണ്ഡിതക്ക് സാധിച്ചില്ല. ഇപ്പോൾ, ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിച്ചതിനുശേഷം ആരാധകരോട് ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ്.
25-കാരനായ സ്ട്രൈക്കർ ഇഷാൻ പണ്ഡിത. “2023/24 സീസണിന് അവസാനം ആയിരിക്കുന്നു. കേരളമേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഈ പ്രയാസകരമായ സീസണിലും നിങ്ങൾ ഞങ്ങളെ വഹിച്ചു,” ഇഷാൻ പണ്ഡിത X പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. അടുത്ത സീസണിൽ മികച്ച രീതിയിൽ കളിക്കാൻ സാധിക്കട്ടെ എന്ന് ആരാധകർ അദ്ദേഹത്തിന്റെ പ്രതികരണത്തിന് മറുപടിയായി ആശംസകൾ പങ്കുവെച്ചു.