ലെസ്കോയുടെ പകരക്കാരനായി ടോം ആൽഡ്രഡ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു സീസൺ കൂടിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇപ്പോൾ തന്നെ ആരംഭിച്ചിരിക്കുന്നു. ടീമിൽ നിന്ന് പോകുന്ന വിദേശ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുക എന്നതായിരിക്കും അവർക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

കഴിഞ്ഞ മൂന്ന് സീസണുകളിൽ ആയി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ വൻമതിലായി നിൽക്കുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിക്ക് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇപ്പോൾ ലെസ്കോവിക്കിന്റെ പകരക്കാരനെ സൈൻ ചെയ്യുന്നതിന് അരികിൽ എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

കൊൽക്കത്ത 24×7 റിപ്പോർട്ട് ചെയ്തത് പ്രകാരം, സ്കോട്ടിഷ് സെന്റർ ബാക്ക് ടോം ആൽഡ്രഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിഗണനയിൽ ഉള്ളത്. നിലവിൽ ഓസ്ട്രേലിയൻ ക്ലബ്ബ് ആയ ബ്രിസ്ബൻ റോറിന്റെ താരമാണ് ടോം ആൽഡ്രഡ്. 2019 മുതൽ ബ്രിസ്ബൻ റോറിന് വേണ്ടി കളിക്കുന്ന ടോം ആൽഡ്രഡ്, ഇംഗ്ലീഷ് ക്ലബ്ബുകളായ വാറ്റ്ഫോഡ്, ബ്ലാക്ക്പൂൾ, സ്കോട്ടിഷ് ക്ലബ്ബ് മതർവെൽ, തുടങ്ങിയവക്ക് വേണ്ടി എല്ലാം കളിച്ചിട്ടുണ്ട്.

33-കാരനായ ടോം ആൽഡ്രഡിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, ടോം ആൽഡ്രഡ് അടുത്തിടെ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ, ബ്രിസ്ബൻ റോറിലെ അദ്ദേഹത്തിന്റെ സഹതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട കമന്റുകൾ ചെയ്യുന്നതും ബ്ലാസ്റ്റേഴ്സിന്റെ നീക്കത്തിന്റെ പ്രകടമായ കാഴ്ചകളാണ്.

Rate this post