പഴയ ഓർമ്മകളിൽ ഇന്ന് വീറും വാശിയും കൂടും, കൊമ്പന്മാർ ഇന്ന് പുലിമടയിൽ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അടുത്ത മത്സരത്തിൽ ചിരവൈരികളും എതിരാളികളുമായ ബാംഗ്ലൂരു എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബിയിൽ വച്ച് നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെയധികം ആത്മവിശ്വാസത്തോടെയാണ് എതിർ തട്ടത്തിലേക്ക് കളിക്കാൻ പോകുന്നത്. അവസാന ഐഎസ്എൽ മത്സരത്തിൽ ശക്തരായ എഫ് സി ഗോവയെ രണ്ടു ഗോളിന് പിറകിൽ പോയതിനു ശേഷം നാല് ഗോളുകൾ തിരിച്ചടിച്ച് വിജയം നേടിയതിന്റെ ആത്മവിശ്വാസമാണ് ബ്ലാസ്റ്റേഴ്സിന്.

ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് രാത്രി 7:30ന് നടക്കുന്ന ബാംഗ്ലൂരു എഫ്സി VS കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഐഎസ്എൽ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിൽ ഒന്നാണ്. അവസാനമായി ഇരു ടീമുകളും ഈ സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടിയത് അവസാന സീസണിലെ ഓഫ് മത്സരത്തിൽ ആയിരുന്നു, അന്ന് അസാധാരണ സംഭവങ്ങളെ തുടർന്ന് മത്സരം പാതിവഴിയിൽ നിർത്തിവെക്കേണ്ടി വരികയും വിജയം നേടിയ ബാംഗ്ലൂർ സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

വീണ്ടും അതേ ഓർമ്മകളിൽ അതേ സ്റ്റേഡിയത്തിൽ ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇത്തവണ വീറും വാശിയും ഒരല്പം കൂടുതലാണ്. എന്നാൽ ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ ആയിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ചെറിയ തലവേദനയാണ്. എങ്കിലും ഈ സീസണിലെ ഇരു ടീമുകളുടെയും പ്രകടനം എടുത്തു നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻതൂക്കം നേടുന്നുണ്ട്.

എന്തായാലും ഇന്ന് നടക്കുന്ന ബാംഗ്ലൂരു എഫ്സി VS കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മത്സരം ആരാധകർ കാത്തിരിക്കുന്നത് പോലെ വളരെ ആവേശകരമായ പോരാട്ടമായിരിക്കും, ഇന്ന് നടക്കുന്ന ഐ എസ് എൽ മത്സരത്തിന്റെ ലൈവ് സംപ്രേഷണം സൂര്യ മൂവീസ്, ജിയോ സിനിമ, സ്പോർട്സ് 18 തുടങ്ങിയവയിലൂടെ ലൈവായി കാണാം. ഇരു ടീമുകളും തമ്മിൽ അഭിമാന പോരാട്ടത്തിന് വേണ്ടി ഒരുങ്ങുമ്പോൾ മത്സരത്തിനു മുമ്പ് തന്നെ സോഷ്യൽ മീഡിയകളിലും മറ്റും നേർക്കുനേരുള്ള വെല്ലുവിളികൾ കൊണ്ട് നിറയുകയാണ്.