‘കേരള ബ്ലാസ്റ്റേഴ്സിന് എന്ത് സംഭവിച്ചു ?’ : അവസാന നാലുമത്സരങ്ങളിലും പരാജയം , വഴങ്ങിയത് 12 ഗോളുകൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനോട് ഒന്നിനെതിരെ മൂന്നു ഗോളിന്റെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഒരു ഗോൾ നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ തിരിച്ചു വാങ്ങി പരാജയപ്പെട്ടത്.
മഞ്ഞപ്പടയുടെ കോട്ടയെന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന കൊച്ചിയിലെ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയായിരുന്നു ഇത്.കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്‌സിയോടും കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.രണ്ടാഘട്ടത്തിൽ കളിച്ച രണ്ടു കളിയും തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സ് ടീമും പരിശീലകനും സമ്മർദത്തിലായി. ഐഎസ്എല്ലിലും സൂപ്പർ കപ്പിലുമായി അവസാനം കളിച്ച നാലുമത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടു. ഇത്രയും മത്സരങ്ങളിൽ നിന്നും 12 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.
ലീഗിലെ ഒന്നാം സ്ഥാനക്കാരായി 2023 അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനമാണ് 2024 ലെ രണ്ടാം പഥത്തിൽ കാണാൻ സാധിച്ചത്. പ്രധാന താരങ്ങൾ പരിക്ക് മൂലം പുറത്തായങ്കിലും ശരാശരിക്കും താഴെയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയത്.സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു പഞ്ചാബിനെതിരെ കാണാൻ സാധിച്ചത് .കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ അടുത്ത കാലത്തൊന്നും ഇത്രയും മോശം പ്രകടനം കണ്ടിട്ടില്ല. തോൽവിയേക്കാൾ ടീം കളിച്ച രീതിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അസ്വസ്ഥരാക്കാനുള്ള വലിയ കാരണം.കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും ഇത്തരമൊരു തോൽവിയിൽ നിരാശ പ്രകടിപ്പിച്ചു.
ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമെന്നാണ് പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.പഞ്ചാബിനെതിരെ പുറത്തെടുത്ത കളിയുമായി ആദ്യ നാലിൽ തുടരാൻ ബ്ലാസ്റ്റേഴ്സിന് യോഗ്യതയില്ല. പിഴവുകൾ പരിഹരിച്ച് വിജയവഴിയിൽ തിരിച്ചെത്തി ആരാധകർക്ക് സന്തോഷം തിരികെ നൽകാൻ പരിശ്രമിക്കുമെന്നും പരിശീലകൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധവും മധ്യനിരയും ഒരു പോലെ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ഇനി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക. അത് എവേ മത്സരമാണ്.ആ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കേണ്ടതുണ്ട്. ഇനിയും തോൽവികൾ ഏറ്റുവാങ്ങിയാൽ പ്ലേ ഓഫ് സാധ്യതകൾക്ക് പോലും മങ്ങൽ ഏൽക്കും. ഷീൽഡ് മോഹങ്ങൾ ഏറെക്കുറെ ബ്ലാസ്റ്റേഴ്സ് ഇപ്പോൾതന്നെ അവസാനിപ്പിക്കേണ്ടിവരും. 14 കളികളിൽ നിന്ന് 26 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ടേബിൾ ടോപ്പർമാരായ ഒഡീഷ എഫ്‌സിക്ക് അഞ്ച് പോയിൻ്റിന് പിന്നിലാണ്.