“ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം ബഗാനെതിരെ ലൂണ നേടിയ മനോഹര ഗോളിന് “

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി അവരുടെ പ്ലെ മേക്കറായ അഡ്രിയാൻ ലൂണയുടെ മികച്ച പ്രകടനമാണ്. ഈ സീസണിൽ ഗോളടിച്ചും ഗോളടിപ്പിച്ചും കളിക്കുന്ന താരം മോഹൻ ബഗാനെതിരെ നേടിയ ഗോളുകൾ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു.ഈ കഴിഞ്ഞ ആഴ്ചയിലെ ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം ആ ഗോളുകളിൽ ഒന്നിന് ലഭിച്ചിരിക്കുകയാണ്.

മോഹൻ ബഗാനെതിരെ നേടിയ രണ്ടാമത്തെ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച ഗോൾ തിരഞ്ഞെടുക്കപ്പെട്ടത്. ലൂണയുടെ ഗോളിന് 93%ത്തോളം വോട്ട് ആണ് ലഭിച്ചത്. ബഗാനെതിരെ 64 ആം മിനുട്ടിൽ ആണ് ലൂണയുടെ ഗോൾ പിറന്നത്.ബോക്സിനു വെളിയിൽനിന്ന് പ്യൂട്ടിയ ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് അഡ്രിയാൻ ലൂണ മനോഹരമായ വലം കാൽ കർവിങ് ഷോട്ടിലൂടെ ബഗാന്റെ ഗോൾ വലയുടെ വലതു മൂലയിലേക്കു പന്തിനെ എത്തിച്ചു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് തന്നെയാണ് ലൂണ.ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിലും ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു.17 മത്സരങ്ങളിൽ നിന്ന് 4 ഗോളും 6 അസിസ്റ്റുമായി മികച്ച് നിൽക്കുന്ന താരത്തിന് വ്യക്തികത നേട്ടങ്ങളെക്കാൾ ബ്ലാസ്റ്റേഴ്സ് വിജയങ്ങളാണ് പ്രാധാന്യം.വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഒരു മികച്ച പാക്കേജാണ് ലൂണ.

17 മത്സരങ്ങളിൽ നിന്നും 27 പോയിന്റുളള കേരള ബ്ലാസ്റ്റേഴ്‌സ് നാളെ നടക്കുന്ന നിർണായക പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയെ നേരിടും. പ്ലെ ഓഫ് ഉറപ്പിക്കണമെങ്കിലും ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരം ജയിച്ചേ മതിയാവു.

Rate this post