❛ഖത്തർ ലോകകപ്പിൽ ഫ്രാൻസിന് അർജന്റീനയുടെ മുന്നിൽ പെടാതിരിക്കുകയാവും നല്ലത്❜

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് എല്ലാ ടീമുകളും ഉള്ളത്.എല്ലാവരും തങ്ങളുടെ പ്രിലിമിനറി ലിസ്റ്റുകൾ തയ്യാറാക്കി കഴിഞ്ഞു. ഇനി അടുത്തമാസം മധ്യത്തിലാണ് ഫൈനൽ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക.

ഇത്തവണ കിരീട ഫേവറേറ്റുകളെ കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമായും മൂന്ന് ടീമുകളാണ് മുൻപന്തിയിലേക്ക് കടന്നുവരുന്നത്.ലയണൽ മെസ്സിയുടെ അർജന്റീന,നെയ്മർ ജൂനിയറുടെ ബ്രസീൽ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് എന്നിവർക്കാണ് പലരും ഇത്തവണ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടേണ്ട സാഹചര്യം വന്നാൽ ഒരു തീപാറും മത്സരം തന്നെയായിരിക്കും ആരാധകരെ കാത്തിരിക്കുക.

എന്നാൽ മുൻ ഫ്രാൻസ് പരിശീലകനായ റായ്മണ്ട് ഡോമിനീഷ് ഫ്രാൻസിന്റെ കാര്യത്തിൽ ഒരു ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് പ്രീ ക്വാർട്ടറിൽ അർജന്റീനയുടെ മുന്നിൽ പെടാതിരിക്കുന്നതാവും ഫ്രാൻസിന് നല്ലത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ ഫ്രാൻസ് ഡെന്മാർക്കിനെ തോൽപ്പിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.

‘ ഞാൻ ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പിൽ 3 ടീമുകളെയാണ് കിരീട ഫേവറേറ്റ് ആയി കാണുന്നത്. ഫ്രാൻസ്, അർജന്റീന, ബ്രസീൽ എന്നിവരാണ് ആ ടീമുകൾ. പക്ഷേ ഇവിടത്തെ പ്രശ്നം എന്തെന്നാൽ ഞങ്ങൾക്ക് ഒരുപക്ഷേ പ്രീ ക്വാർട്ടറിൽ തന്നെ അർജന്റീനയെ നേരിടേണ്ടിവരുന്ന ഒരു സാഹചര്യം ഉണ്ടായേക്കാം.അതൊരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഫ്രാൻസ് ഡെന്മാർക്കിനെ പരാജയപ്പെടുത്തുന്നതാവും നല്ലത് ‘ ഡോമിനീഷ് പറഞ്ഞു.

അതായത് അർജന്റീന ഗ്രൂപ്പിൽ ഒന്നാമത് ആവുകയും ഫ്രാൻസ് ഗ്രൂപ്പിൽ രണ്ടാമത് ആവുകയും ചെയ്താൽ ഇരുവരും ഏറ്റുമുട്ടേണ്ടി വരുമെന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.അതുകൊണ്ടുതന്നെ അർജന്റീനയുടെ മുന്നിൽ പെടാതിരിക്കാൻ വേണ്ടി ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തിക്കൊണ്ട് ഒന്നാംസ്ഥാനം നിർബന്ധമായും നേടണമെന്നാണ് ഇദ്ദേഹം നിർദ്ദേശിക്കുന്നത്.

Rate this post