സെർജിയോ റാമോസ് ഇന്ന് ബാഴ്സലോണക്കെതിരെ, തന്റെ ആദ്യ ഗോൾ ഇന്ന് നേടുമെന്ന് സൂപ്പർതാരം|Sergio Ramos

ഇരുപതാം നൂറ്റാണ്ടിലെ എൽക്ലാസിക്കോ എന്ന് പറയുമ്പോൾ അതിൽ മെസ്സിയെയും,ക്രിസ്ത്യാനോ റൊണാൾഡോയെയുമായിരിക്കും ആദ്യമായി എല്ലാവരുടെയും മനസ്സിലേക്ക് ഓർമ്മ വരിക, എന്നാൽ അതിൽ തന്നെ ചേർക്കപ്പെടേണ്ട പേരാണ് സെർജിയോ റാമോസ്.

റയൽ മാഡ്രിഡിനൊപ്പം സെർജിയോ റാമോസ് ബാഴ്സലോണയെ നേരിടുമ്പോൾ വീറും വാശിയും കൂടാറുണ്ട്, അത് അദ്ദേഹം കളത്തിൽ കാണിക്കാറുമുണ്ട്, പ്രതിരോധത്തിൽ ഉറച്ചുനിൽക്കുന്ന റാമോസ് ഫൗളുകളുടെ കാര്യത്തിലും എതിരാളികളുടെ നോട്ടപ്പുള്ളിയാണ്. ഇന്ന് റാമോസ് വീണ്ടും ബാഴ്സലോണ ഗോളടിക്കുന്നതിനെ തടയാൻ കളത്തിലുണ്ടാവും.പക്ഷേ റയൽ മാഡ്രിഡിന്റെ പ്രതിരോധമാണ് ഇത്രകാലം ലാലിഗയിൽ പ്രതിരോധിച്ചിരുന്നതെങ്കിൽ ഇനി താരം ലാലിഗയിൽ അരങ്ങേറ്റം കുറിച്ച ക്ലബ്ബായ സെവിയ്യക്ക് വേണ്ടിയാണ് എന്നതാണ് പ്രത്യേകത.പിഎസ്ജിയിൽ നിന്നും ട്രാൻസ്ഫർ കാലാവധി പൂർത്തിയാക്കിയ ശേഷം ക്ലബ്ബ് കരാർ പുതുക്കിയിരുന്നില്ല, അതിനുശേഷം ഫ്രീ ഏജന്റ് ആയാണ് താരം തന്റെ മുൻ ക്ലബ്ബായ സെവിയ്യയിൽ ചേർന്നത്.

ബാഴ്സലോണക്കെതിരെയുള്ള മത്സരത്തിനു മുൻപ് സെർജിയോ റാമോസ് ഗോളടിക്കുന്ന കാര്യത്തിലും പ്രതികരണം നടത്തി, അദ്ദേഹം പറഞ്ഞത് ഇങ്ങനെ; “അതെ, പ്രതീക്ഷയുണ്ട് [ചിരിച്ചുകൊണ്ട്], ബാഴ്‌സലോണയ്‌ക്കെതിരെ എന്റെ ആദ്യ ഗോൾ നേടുന്നത് നല്ല അനുഭവമായിരിക്കും.പക്ഷേ പ്രതിരോധത്തിൽ ഉറച്ചുനിൽക്കുന്നതിലും ക്ലീൻ ഷീറ്റ് സൂക്ഷിക്കുന്നതിലുമാണ് എന്റെ ശ്രദ്ധ. തീർച്ചയായും എല്ലാവരും [ഗോളടിക്കും എന്ന പ്രതീക്ഷയിൽ] ഒരു ആഘോഷം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്,സംഭവം രസമായിരിക്കും.”

ബാഴ്സലോണക്കെതിരെ ഇതുവരെ റാമോസ് 47 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്,15 തവണ വിജയിച്ചപ്പോൾ 10 തവണയും മത്സരം സമനിലയായിരുന്നു, എന്നാൽ 22 തവണയാണ് ബാഴ്സലോണക്കെതിരെ റാമോസ് തോൽവിയറിഞ്ഞത്, 5 ഗോളുകൾ സ്കോർ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്, ചുവപ്പുകാർഡ് നേടുന്നതിൽ കുപ്രസിദ്ധി നേടിയ റാമോസ് രണ്ട് തവണ കറ്റാലൻ പടക്കെതിരെ ചുവപ്പുകാർഡ് നേടിയിട്ടുണ്ട്.

2023/24 സീസനിൽ ലാലിഗയിലെ തുടക്കത്തിലെ മൂന്നു മത്സരങ്ങളും തോറ്റാണ് സെവിയ്യ തുടങ്ങിയത്,പിന്നീടുള്ള മൂന്നുമാസരങ്ങളിൽ തോറ്റിട്ടില്ല രണ്ട് ജയവും ഒരു സമനിലയുമായി ലാലിഗ പോയിന്റ് ടേബിളിൽ ഏഴു പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്സലോണയാവട്ടെ കഴിഞ്ഞ മത്സരത്തിൽ മയ്യോർക്കെതിരെ അപ്രതീക്ഷിത സമനില വഴങ്ങി ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. നിലവിൽ ജിറോണയാണ് ലാലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം ഇന്ന് ഇന്ത്യൻ സമയം 12 30നാണ്.

Rate this post