എങ്ങനെയാണ് കൂമാന്റെ തന്ത്രങ്ങൾ ബാഴ്‌സയെ  വിജയ വഴിയിലേക്ക് തിരിച്ചെത്തിച്ചത്?

2017ൽ ലോകത്തെ ഞെട്ടിച്ച നെയ്മറുടെ ട്രാൻസ്ഫർ ബാഴ്സയിൽ വലിയൊരു വിടവ് സൃഷ്ടിച്ചിരുന്നു. നെയ്മറുടെ വിടുതൽ തുക മുഖേന ബാഴ്സയ്ക്ക് ലഭിച്ച 222 മില്യൺ യൂറോയുടെ 80%വും ചിലവഴിച്ചത് 4 താരങ്ങളിലാണ്; ഊസ്മാൻ ഡെമ്പെലെ, അന്റൊയിൻ ഗ്രീസ്മാൻ, ഫ്രങ്കീ ഡി ജൊങ്, ഫിലിപ്പേ കുട്ടിന്യോ എന്നിവരാണവർ.

ഇവർക്കാർക്കും നെയ്മർ സൃഷ്ടിച്ച ആ വിടവ് നികത്താൻ സാധിച്ചില്ല. പ്രതീക്ഷിച്ച നിലവാരം പുറത്തെടുക്കാൻ കഴിയാതെ വന്ന കളിക്കാർ സമ്മർദത്തിൽ അകപ്പെട്ടിരുന്നു. പക്ഷെ ഇന്ന് സ്ഥിതി മറ്റൊന്നാണ്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരങ്ങളെ ടീമിൽ എത്തിക്കാതെയിരുന്ന ബാഴ്‌സ കൂമാനിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. ആ വിശ്വാസം കാത്തു സൂക്ഷിച്ച കുമാനു കീഴിൽ ബാഴ്സയും 4ൽ മൂവർ സംഘവും ഫോം കണ്ടെത്തിയിരിക്കുകയാണ്.

ലോക ഫുട്‌ബോൾ ഇന്ന് ചർച്ച ചെയ്യുന്നത് ഇത് എങ്ങനെ സംഭവിച്ചു എന്നാണ്. പല കോച്ചുകൾ ടീമിനെ പരിശീലിപിച്ചിട്ടും പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനം ടീം കാഴ്ചവച്ചത് കൂമാന്റെ കീഴിലാണ്.

എങ്ങനെയാണ് വൻ തുക മുടക്കി ടീമിലേക്കെത്തിച്ച സൂപ്പർ താരങ്ങളേ കൂമാൻ മികച്ച ഫോമിലേക്കെത്തിച്ചത്. അതിനുള്ള ഉത്തരം കൂമാന്റെ തന്ത്രങ്ങളാണ്.

താരങ്ങൾക്ക് നിരന്തരം ആത്മവിശ്വാസം പകർന്നും ചുമതലകൾ കൊടുത്തും ശാരീരിക-മാനസിക പ്രചോദനം നൽകിയും ടീമിനെയും കളിക്കാരെയും സജ്ജമാക്കുന്ന കൂമാന്റെ ശൈലി 100% വിജയിച്ചുവെന്നു ടീമിന്റെ ഇതു വരെയുള്ള പ്രകടനത്തിൽ നിന്നും വ്യക്തമാണ്.

അന്റൊയിൻ ഗ്രീസ്മാൻ

സീസൺ തുടക്കത്തിൽ താരത്തിനു കൂമാന്റെ കീഴിൽ കുറെ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. പക്ഷെ കൂമാൻ താരത്തിനു മേലിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെടുത്തിയില്ല. ജനുവരിയിൽ മാത്രം താരം 6 ഗോൾകളും 6 അസിസ്റ്റുകളും നേടി. ഇതാണ് ലോക കപ്പ് ജേതാവായ, 120 മില്യൺ ട്രാൻസ്ഫർ തുക മുടക്കിയ താരത്തിൽ നിന്നും നാം പ്രതീക്ഷിച്ചത്. ഇനി താരം ഇതേ ഫോം നിലനിർത്തുമോ എന്ന ചോദ്യം മാത്രമേ ഇവിടെയുള്ളൂ.

ഫ്രങ്കീ ഡി ജൊങ്

ബാഴ്‌സ കൊണ്ട് വന്നതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നത് ഈ യുവ പ്രതിഭയാണ്. അജാക്സ്സിൽ നിന്നും 75 മില്യൺ യൂറോയ്ക്ക് ബാഴ്സയിൽ എത്തിയ താരം ഇപ്പോൾ ടീമിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തി കഴിഞ്ഞു.

ടീമുമായി ഒത്തിണങ്ങാൻ താരത്തിനു കൂടുതൽ സമയമെടുത്തെങ്കിലും കൂമാന്റെ വേറിട്ട തന്ത്രങ്ങൾ താരത്തെ മികച്ച ഫോമിലേക്കാണ് എത്തിച്ചിരിക്കുന്നത്.

താരം സാധാരണയായി കളിക്കുന്നതിൽ നിന്നും മിഡ്ഫീൽഡിൽ അറ്റാക്കിങ്ങിന് കൂടുതൽ പിന്തുണ നൽകുന്ന പൊസിഷനിലേക്ക് (അറ്റാക്കിങ് മിഡ്ഫീൽഡർ അല്ല) കൂമാൻ താരത്തെ മാറ്റിയപ്പോൾ, താരം 5 ഗോളുകളുമായി കൂമാന്റെ തന്ത്രങ്ങളെ ശെരിവെക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഊസ്മാൻ ഡെമ്പെലെ

നെയ്മർ പോയതിനു ശേഷം ബാഴ്സയിൽ ആദ്യമായി എത്തിയത് ഡെമ്പെലെയാണ്. ഡോർട്മുണ്ടിൽ നിന്നും 105+ മില്യൺ യൂറോയ്ക്കാണ് താരം ബാഴ്സയിലെത്തിയത്.

താരം ക്യാമ്പ് നൗൽ കളി തുടങ്ങിയത് തന്നെ പരിക്ക് കൊണ്ടാണ്. പിന്നീട് താരത്തിൽ നിന്നും പ്രതീക്ഷിച്ച പ്രകടനമല്ല താരം കാഴ്ചവെച്ചത്.

പക്ഷെ ഈ സീസണിൽ കൂമാന്റെ വരവോടെ താരം ഫോം കണ്ടെത്തിയിരിക്കുന്നു. ക്ലബ്ബ് അധികൃതർ താരത്തിന്റെ ശാരീരിക ക്ഷമത ഉയർന്ന നിലവാരത്തിൽ സൂക്ഷിക്കുന്നതിലും, പരിക്കേൽക്കാതെ താരത്തെ സംരക്ഷിക്കുന്നതിലും, താരത്തിന്റെ മാനസികാവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തി.

ഇതിന്റെ ഫലമായി താരം ഇതു വരെ അടുപ്പിച്ചു കളിച്ച 11 മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എതിർ ഡിഫെൻസിനെ നിരന്തരം പരീക്ഷിക്കുന്ന ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഡെമ്പെലെയാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്.

Rate this post