‘കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു,എന്റെ പ്രചോദനം അച്ഛനായിരുന്നു’ :സച്ചിൻ സുരേഷ് |Sachin Suresh | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച തുടക്കമാണ് കുറിച്ചത്. ആദ്യ ഒമ്പത് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.ഒരു സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വിജയകരമായ തുടക്കങ്ങളിൽ പ്രധാന പങ്ക് വഹിച്ചത് യുവ ഗോൾ കീപ്പറായ സച്ചിൻ സുരേഷ് ആണ്.22 കാരനായ ഗോൾകീപ്പർ പോസ്റ്റുകൾക്കിടയിൽ കമാൻഡ് ഏറ്റെടുത്തതിനുശേഷം ടീമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പത്താം സീസണിലിതുവരെ ഒൻപത് മത്സരങ്ങളിലാണ് സച്ചിൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. ഒൻപത് മത്സരങ്ങളിൽ നിന്നായി രണ്ട് ക്ലീൻ ഷീറ്റുകളും ഇരുപത്തിമ്മൂന്നു സേവുകളുമായി ഗോൾകീപ്പർമാരുടെ നിരയിൽ രണ്ടാമതാണ് സച്ചിൻ. അമരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു എന്നിവരോട് ഐഎസ്എൽ ഗോൾഡൻ ഗ്ലോവിനായി പോരാടുകയാണ് സച്ചിൻ. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറിയിരിക്കുന്നു എന്നതിനെക്കുറിച്ചും ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

“ഞാൻ ജനിച്ചപ്പോൾ മുതൽ ഞാൻ ഒരു ഫുട്ബോൾ കളിക്കാരനാവണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു.ഞാൻ ഏഴാം വയസ്സിൽ കോഴിക്കോട്ടെ അക്കാദമിയായ SEPT, സ്പോർട്സ് ആൻഡ് എഡ്യൂക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിൽ ചേർന്നു. അവിടെ അച്ഛൻ എന്റെ പരിശീലകനായിരുന്നു. അവിടെ ഞാൻ നന്നായി പരിശീലിച്ചു. അണ്ടർ 10 ടൂർണമെന്റിനായി അവർ തങ്ങളുടെ മികച്ച കളിക്കാരെ ദുബായിലേക്ക് കൊണ്ടുപോയി. ദുബായിൽ നല്ല ടീമുകൾക്കെതിരെയാണ് ഞങ്ങൾ കളിച്ചത്. അവിടെ വെച്ച് ഞങ്ങൾ മറഡോണയെ കാണുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോകൾ എടുക്കുകയും ചെയ്തു. ഞാൻ തുടങ്ങിയത് ഇങ്ങനെയാണ്” സച്ചിൻ പറഞ്ഞു.

“അച്ഛനാണ് തീരുമാനത്തിന് പിന്നിൽ. തുടക്കം മുതൽ ഗോൾകീപ്പിംഗ് ആയിരുന്നു എന്റെ ശ്രദ്ധ. അക്കാദമിയിൽ ചേരുമ്പോഴും അങ്ങനെ തന്നെയായിരുന്നു. അച്ഛൻ കളിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെ പ്രചോദനവും എന്റെ അച്ഛനായിരുന്നു. ഞാൻ ജനിക്കുമ്പോഴേക്കും തോളിലെ പ്രശ്‌നം കാരണം കളി നിർത്തിയിരുന്നു. എന്റെ കുടുംബം എന്നെ പിന്തുണച്ചു. ഞാൻ നന്നായി ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിച്ചു. അച്ഛൻ എന്നെ നന്നായി പരിശീലിപ്പിച്ച് വളർത്തുമെന്ന് അവർ വിശ്വസിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.

“അതെന്റെ സ്വപ്നമായിരുന്നു. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി നമ്മുടെ സ്റ്റേഡിയമായ കൊച്ചിയിലെ ആദ്യ മത്സരം കളിക്കാൻ പോവുകയാണെന്ന് കേട്ടപ്പോൾ അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനാൽ, അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി, അത് എനിക്ക് ഒരു മികച്ച നിമിഷമായിരുന്നു” ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിനെക്കുറിച്ച് സച്ചിൻ പറഞ്ഞു.

“എന്റെ കരിയറിൽ സീനിയർ ടീം ലെവലിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല കൊച്ചാണ് ഇവാൻ വുകോമനോവിച്ച്. പ്ലയേഴ്‌സുമായി അദ്ദേഹം മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. ഡ്രസിങ് റൂമിൽ അദ്ദേഹം ഉണ്ടെങ്കിൽ തന്നെ ആ വികാരം അത്ര ഉയർന്നതാണ്. പ്ലേയേഴ്സ് എല്ലാവരും വളരെ മോട്ടിവേറ്റാകും. ടാക്റ്റിക്കുകളെല്ലാം കൃത്യമായി പറഞ്ഞു തരും. ഓരോ മത്സരത്തിലും എങ്ങനെ കളിക്കണമെന്ന് കൃത്യമായി വിശകലനാം ചെയ്ത പ്ലാനുകൾ തയ്യാറാക്കിത്തരും.” സച്ചിൻ ഇവാനെക്കുറിച്ച് പ്രതികരിച്ചു.

5/5 - (1 vote)