റയലിനെ റഫറിമാർ സഹായിക്കുന്നത് സ്വാഭാവികമായിരിക്കുന്നു, കൊറേയ റെഡ് കാർഡിൽ രൂക്ഷവിമർശനം നടത്തി സിമിയോണി

റയലിനെ റഫറിമാർ വളരെയധികം സഹായിക്കുന്നുണ്ടെന്ന ആരോപണം സ്‌പാനിഷ്‌ ലീഗിൽ പലപ്പോഴും ഉയർന്നു വരാറുള്ളതാണ്. കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡ് ഡെർബിക്ക് ശേഷവും വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഗോൾരഹിത സമനിലയിൽ നിൽക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡ് താരമായ ഏഞ്ചൽ കൊറേയക്ക് റെഡ് കാർഡ് നൽകിയ റഫറിയുടെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ അറുപത്തിരണ്ടാം മിനുട്ടിലാണ് അർജന്റീന താരത്തിന് റെഡ് കാർഡ് ലഭിക്കുന്നത്. പന്തിനു വേണ്ടിയുള്ള മത്സരത്തിനിടെ റയൽ മാഡ്രിഡ് താരം റൂഡിഗറിന്റെ ദേഹത്ത് അപകടകരമായ രീതിയിൽ കൊറേയ ഇടിച്ചുവെന്ന കാരണത്തിലാണ് റഫറി റെഡ് കാർഡ് നൽകിയത്. എന്നാൽ ദൃശ്യങ്ങളിൽ നിന്നും നേരിട്ട് ചുവപ്പുകാർഡ് നൽകാനുള്ള ഫൗൾ നടത്തിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. മുപ്പത്തിയൊന്നു മത്സരങ്ങളിൽ എട്ട് ചുവപ്പുകാർഡ് അത്ലറ്റികോ മാഡ്രിഡിന് നൽകിയ ഗിൽ മൻസാണോ ആയിരുന്നു മത്സരം നിയന്ത്രിച്ചത്.

മത്സരത്തിന് ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഡീഗോ സിമിയോണി നടത്തിയത്. അതൊരു കടുത്ത ഫൗൾ ആയിരുന്നെങ്കിൽ റൂഡിഗർ എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ടുമായിരുന്നുവെന്നും അതൊന്നും ഉണ്ടായില്ലെന്നും സിമിയോണി പറയുന്നു. എല്ലാ കോണ്ടാക്റ്റുകളും മാരക ഫൗൾ അല്ലെന്നു പറഞ്ഞ അദ്ദേഹം ഇതുപോലെയുള്ള ഫൗളിന് റെഡ് കാർഡ് നൽകിത്തുടങ്ങിയാൽ കളിക്കളത്തിൽ ആരും ഉണ്ടാകില്ലെന്നും വ്യക്തമാക്കി. റയൽ മാഡ്രിഡിനെ റഫറിമാർ സഹായിക്കുന്നത് സാധാരണയായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സരത്തിന് ശേഷം ഏഞ്ചൽ കൊറേയക്ക് മത്സരത്തിനിടെ ബൂട്ട് കൊണ്ട് കിട്ടിയ ചവിട്ടിൽ മുറിവ് പറ്റിയതിന്റെ ചിത്രം അത്ലറ്റികോ മാഡ്രിഡ് പോസ്റ്റ് ചെയ്‌തിരുന്നു. അക്രമം നടത്തിയെന്ന് പറയുന്ന ആൾക്കാണ് ഇതുപോലെ സംഭവിച്ചതെന്നും റയൽ മാഡ്രിഡുമായി കളിക്കുമ്പോൾ ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്നും അവർ വ്യക്തമാക്കി. അത്ലറ്റികോ മാഡ്രിഡ് ഗോൾകീപ്പറായ ഒബ്ലാക്ക് പറഞ്ഞത് അഞ്ചു ഡെർബികൾ റെഡ് കാർഡ് വാങ്ങിയാണ് പൂർത്തിയാക്കിയതെന്നും ഇങ്ങനെയാണെങ്കിൽ അടുത്ത മത്സരത്തിൽ ഒരു കളിക്കാരനെ കുറച്ച് ആദ്യ ഇലവൻ ഇറക്കേണ്ടി വരുമെന്നുമാണ്.

Rate this post