‘പഞ്ചാബ് അർഹിച്ച വിജയമാണ് നേടിയത്,പരിശീലകനെന്ന നിലയിൽ ശരിക്കും നിരാശാജനകമായ ഫലമാണിത്’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ മൂന്നു ഗോളിന്റെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ തോൽ‌വിയിൽ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നിരാശ പങ്കുവെച്ചു.വിജയത്തോടെ മൂന്നു പോയിന്റുകൾ നേടിയ പഞ്ചാബ് എഫ്‌സി റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തേക്കുയർന്നു. തുടർച്ചയായ രണ്ടാം തോൽവിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തു തുടരുന്നു.

39-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നും മിലോസ് ഡ്രിൻസിചിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. എന്നാൽ ശക്തമായി തിരിച്ചുവന്ന പഞ്ചാബ് മൂന്നു ഗോളടിച് വിജയം നേടി. പഞ്ചാബിനായി വിൽമർ ജോർദാൻ രണ്ടു ഗോളുകളും ലൂക്കാ മജ്‌സെൻ മറ്റൊരു ഗോളും നേടി.സീസണിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഹോം മത്സരം പരാജയപ്പെടുന്നത്. ആദ്യമായി പഞ്ചാബ് എഫ് സി ഒരു എവേ മത്സരം വിജയിച്ചു.ഞ്ചാബ് എഫ്‌സി തൻ്റെ ടീമിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി സമ്മതിച്ച വുകൊമാനോവിച്ച്, അഡ്രിയാൻ ലൂണ, ക്വാം പെപ്ര തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം തോൽവിക്ക് കാരണമായി പറയേണ്ടതില്ലെന്നും വ്യക്തമാക്കി.

“ഞങ്ങളുടെ എതിർ ടീം ഇന്ന് അർഹിച്ച വിജയമാണ് നേടിയത്. ഇന്നവർ ഞങ്ങളെക്കാൾ മികച്ചവരായിരുന്നു. അവർ നന്നായി കളിച്ചു. സീനിയർ താരങ്ങളുടെ അഭാവം ഈ സാഹചര്യത്തിൽ ഒരു കാരണമായി ഞങ്ങൾക്ക് പറയാനാകില്ല. ഏതെങ്കിലും താരങ്ങളെ നഷ്ടമായാൽ മറ്റുള്ള താരങ്ങൾ മുൻപോട്ടു വരണം. അതൊരു പ്രധാന താരമോ ഒരു ദേശീയ താരമോ ആകാം. ഈ സാഹഹര്യത്തിലാണ് മറ്റുള്ള താരങ്ങൾ മുൻപോട്ടു വരേണ്ടത്. മുൻപ് ഇത്തരം മത്സരങ്ങൾ നമ്മൾ വേഗത്തിൽ ജയിച്ചിരുന്നു.എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു.” വുകോമനോവിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ തുടർച്ചയായ രണ്ടാം തോൽവിയായി, ഈ സീസണിൽ അവരുടെ ആകെ തോൽവികളുടെ എണ്ണം നാലായി. 14 കളികളിൽ നിന്ന് 26 പോയിൻ്റുള്ള അവർ നിലവിൽ ടേബിൾ ടോപ്പർമാരായ ഒഡീഷ എഫ്‌സിക്ക് അഞ്ച് പോയിൻ്റിന് പിന്നിലാണ്.പഞ്ചാബ് എഫ്‌സിക്കെതിരെ വരുത്തിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നുവെന്നും ഇവാൻ പറഞ്ഞു. തൻ്റെ ടീം വരുത്തിയ പിഴവുകളിൽ വുകോമാനോവിച്ച് തൻ്റെ നിരാശ അറിയിച്ചു.

“ഇന്ന് രാത്രി, നിരാശാജനകമായ സായാഹ്നമാണ്.ആദ്യ പകുതിയിൽ ഗോൾ നേടിയതിനു പുറമെ തെറ്റായ പല തീരുമാനങ്ങളും ഞങ്ങളെ ഈ തോൽവിയിലേക്ക് നയിച്ചു. ഒരു പരിശീലകനെന്ന നിലയിൽ ഇത് ശരിക്കും നിരാശാജനകമാണ്. ഇത്തരത്തിലുള്ള സമീപനം തുടരുകയാണെങ്കിൽ, അവസാനം വരെ എല്ലാ കളികളും നമുക്ക് എളുപ്പത്തിൽ തോൽക്കാം അത് ഉറപ്പാണ്.ഇന്നത്തെ റിസൾട്ടിൽ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു. കളിക്കാരും ലജ്ജിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത്തരത്തിലുള്ള മത്സരങ്ങളാണ് മികച്ച പ്രകടനം നടത്തി വിജയിക്കേണ്ടത്. ഇത് പരിശീലകനെന്ന നിലയിൽ എന്റെ മാത്രം ഉത്തരവാദിത്വമാണ്.ഇതിലും മോശമായ സാഹചര്യങ്ങളിൽ ഞങ്ങൾ മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള തോൽവികൾ നിരാശാജനകമാണ്. ”അദ്ദേഹം പറഞ്ഞു.

“കൊച്ചിയിൽ ഞങ്ങൾക്ക് കഠിനമായ ഗെയിമുകൾ കൈകാര്യം ചെയ്യാനും മികച്ച എതിരാളികൾക്കെതിരെ വിജയിക്കാനും കഴിയുമെന്ന് ഞങ്ങൾ മുൻകാലങ്ങളിൽ കാണിച്ചു തന്നിട്ടുണ്ട് .എന്നാൽ പഞ്ചാബിനെതിരെ ഞങ്ങൾ മോശമായിരുന്നു. അതാണ് യാഥാർത്ഥ്യം. ഞങ്ങൾ അത് അംഗീകരിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post