കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ സന്തോഷവാർത്ത, അഡ്രിയാൻ ലൂണ തിരിച്ചെത്തുന്ന ദിവസം പ്രഖ്യാപിച്ചു പരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനെട്ടാമത്തെ മത്സരത്തിൽ നാളെ സ്വന്തം ഹോം സ്റ്റേഡിയം ആയ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർച്ചായ പരാജയങ്ങൾക്ക് ശേഷം വിജയം തേടിയെത്തുകയാണ്. നേരത്തെ ഈ സീസണിൽ കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

നാളെ നടക്കുന്ന ആവേശകരമായ മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച്ചും താരമായ പ്രീതം കോട്ടാലുമാണ് പങ്കെടുത്തത്. പ്രെസ്സ് കോൺഫറൻസിൽ വെച്ച് മാധ്യമങ്ങളെ അഭിമുഖീകരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകൻ ഇവാൻ വുകമനോവിച് സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണ, ജോഷുവ എന്നീ വിദേശ താരങ്ങൾ തിരിച്ചുവരുന്നത് സംബന്ധിച്ചു അപ്ഡേറ്റ് നൽകി.

“അഡ്രിയാൻ ലൂണ മാർച്ച്‌ 15ന് ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പമുള്ള റീഹാബ് പ്രവർത്തനങ്ങൾക്ക് വേണ്ടി ക്യാമ്പിൽ ജോയിൻ ചെയ്യും, ഏപ്രിൽ മാസത്തോടെ ടീമിനോടൊപ്പം ലൂണ പരിശീലനം ആരംഭിക്കുമോ എന്ന് നോക്കികാണാം. ജോഷുവയും ഈ സീസണിൽ ടീം ക്യാമ്പിൽ ജോയിൻ ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, സാഹചര്യം വിലയിരുത്തതിന് ശേഷം നമുക്ക് നോക്കികാണാം.” – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പറഞ്ഞു.

നേരത്തെ പ്രീസീസൺ പരിശീലനത്തിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏഷ്യൻ സൈനിങായ ഓസ്ട്രേലിയൻ താരം ജോഷുവ സൊതിരിയോ പരിക്ക് ബാധിച്ചു പുറത്താവുന്നത്. സീസണിന്റെ മധ്യഭാഗത്ത് വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണ പരിക്ക് കാരണം പുറത്തുപോവുന്നത്.