ആശാനെ ഞങ്ങളെ വിട്ടുപോവല്ലേ..!! തിരിച്ചുവിളിക്കാം ഇവാൻ വുകൊമനോവിച്ചിനെ..!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ, കഴിഞ്ഞ 7 സീസണുകളിൽ (2020-21 സീസൺ വരെ) രണ്ട് തവണ ഫൈനലിൽ എത്തി എന്നത് ഒഴിച്ചുനിർത്തിയാൽ, മൈതാനത്ത് ആധിപത്യം പുലർത്തി എതിരാളികളെ വിറപ്പിക്കുന്ന ഒരു പ്രകടനമൊന്നും ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കണ്ടില്ല എന്ന് മാത്രമല്ല, കഴിഞ്ഞ സീസണുകളിലെ കളി വിലയിരുത്തിയാൽ ശരാശരിക്കും താഴെ നിൽക്കുന്ന ഒരു പ്രകടനം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് പുറത്തെടുക്കാൻ കഴിഞ്ഞത് എന്നതും ഒരു വസ്തുതയാണ്‌.

പരിചയസമ്പന്നരായ സ്റ്റീവ് കോപ്പൽ, റെനി മുളൻസ്റ്റീൻ, കിബു വികൂന തുടങ്ങിയവരെല്ലാം ബ്ലാസ്റ്റേഴ്‌സ് പരിശീലകരായി എത്തിയെങ്കിലും, മഞ്ഞപ്പടയെ ടൂർണമെന്റിലെ ‘ഏറ്റവും മികച്ച ടീം’ എന്ന ലേബലിൽ എത്തിക്കാൻ അവർക്കാർക്കും സാധിച്ചില്ല. ഒടുവിൽ, 2021/22 സീസണിലേക്ക് വളരെ ചുരുങ്ങിയ പരിചയസമ്പത്ത് മാത്രമുള്ള, 2019-ന് ശേഷം കോച്ചിംഗ് രംഗത്ത് നിന്ന് തന്നെ വിട്ടുനിന്നിരുന്ന സെർബിയക്കാരൻ ഇവാൻ വുകൊമനോവിച്ചിനെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് മുഖ്യ പരിശീലകനായി നിയമിച്ചു.

തുടക്കത്തിൽ, പലരുടെയും നെറ്റി ചുളിഞ്ഞെങ്കിലും, ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മൈതാനത്തിറങ്ങിയതോടെ ഇവാൻ വുകൊമനോവിച്ചിനെ മാനേജ്മെന്റ് എന്തിന് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ആരാധകർക്ക് ഉത്തരമായി. ഇത്തവണയും വെറുമൊരു ശരാശരി ടീമായി ഒതുങ്ങാമായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ, ടൂർണമെന്റിന്റെ ഭൂരിഭാഗം സമയത്തും ടോപ് ഫോറിൽ നിലനിർത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്ന് തന്നെ വുകൊമനോവിച്ച് എന്ന പരിശീലകന്റെ മികവ് വ്യക്തമാണ്. ഫസ്റ്റ് ഇലവൻ ഗോൾക്കീപ്പർ ആൽബിനോ ഗോമസ് മുതൽ ക്യാപ്റ്റൻ ജെസ്സൽ കാർനീറൊ വരെ പരിക്ക് മൂലം ടീമിൽ നിന്ന് പിന്മാറിയപ്പോഴും, യാതൊരു ആശയക്കുഴപ്പവുമില്ലാതെ കൃത്യമായ പകരക്കാരെ ഉപയോഗിക്കാൻ വുകൊമനോവിച്ചിന് സാധിച്ചു.

ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിന്റെ കളി ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും, എതിരാളികൾ എത്ര വമ്പന്മാർ ആണെങ്കിലും ഗോൾ അടിക്കണം എന്ന മനോഭാവം താരങ്ങളിൽ വളർത്തിയെടുക്കുകയും, വമ്പന്മാരായ എതിരാളികളെ മലർത്തിയടിക്കാൻ കെൽപ്പുള്ള കൊമ്പന്മാരായി ബ്ലാസ്റ്റേഴ്‌സിനെ വളർത്തിയെടുക്കുകയും ചെയ്ത ഇവാൻ വുകൊമനോവിച്ച് നമ്മുടെ ആശാനായി അടുത്ത സീസണിലും നമ്മളോടൊപ്പം ചേരുന്നതോടെ, കിരീടമെന്ന മോഹം പൂവണിയും എന്ന് മാത്രമല്ല, ഓരോ ഫുട്ബോൾ ആരാധകനെയും ആവേശത്തിലാക്കുന്ന പ്രകടനങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കുകയും ചെയ്യാം.

Rate this post