” അർജന്റീനയുടെ കിരീട നേട്ടത്തിനായി 28 വർഷം കാത്തിരുന്നവർക്ക് ബ്ലാസ്റ്റേഴ്സിനായി എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാം “

ലോകമെമ്പാടുമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുക്കലും ആഗ്രഹില്ലാത്ത ഒരു ഫലമാണ് ഇന്നലെ ഫറ്റോർഡയിൽ കാണാൻ സാധിച്ചത്. കഴിഞ്ഞ രണ്ടു തവണ ഫൈനലിൽ കൈവിട്ട കിരീടം ഈ വര്ഷം ബ്ലാസ്റ്റേഴ്‌സ് തിരിച്ചുപിടിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ ആരാധകരെയെല്ലാം നിരാശരായാണ് മൈതാനം വിട്ടത്. ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടു സീസണുകളിൽ മൂന്നു ഫൈനൽ ബ്ലാസ്റ്റേഴ്‌സ് കളിച്ചു എന്ന് പറയുമ്പോൾ ആ ടീമിന്റെ ശക്തി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ആദ്യ ഗോൾ നേടി വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയെടുത്തിട്ടും നിർഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ ഇടറി വീണത്. പരാജയപ്പെട്ടെങ്കിലും ഈ ബ്ലാസ്റ്റേഴ്‌സ് ടീമിൽ അഭിമാനം മാത്രമേയുള്ളു.2014, 2016 വർഷങ്ങളിലും ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം സ്വന്തമാക്കുമെന്ന് ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നു. മികച്ച വിജയങ്ങളുമായി ടൂർണമെന്റിലുടനീളം ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞു. ഫൈനലിലും മികച്ച മുന്നേറ്റമാണ് ടീം നടത്തിയത്. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കട്ടിമണി ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ തല്ലിക്കൊഴിച്ച് ബാറിന് കീഴിൽ മഹാമേരുവായി നിന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടു സീസൺ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സീസണാണ് കടന്നു പോയത്. പനിരവധി റെക്കോർഡുകളാണ് ഇവാനും കുട്ടികളും തകർത്തെറിഞ്ഞത്. ഏറ്റവും കൂടുതൽ പോയിന്റുകൾ ഏറ്റവും കൂടുതൽ ഗോളുകൾ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്നിവയെല്ലാം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.മുൻ വര്ഷങ്ങളിലെ പിഴവുകളെല്ലാം തിരുത്തി തിരിച്ചു വന്ന ബ്ലാസ്റെരിസണെയാണ് ഈ സീസണിൽ ആരാധകർക്ക് കാണാൻ സാധിച്ചത്. എത്ര മോശം പ്രകടനമായാലും ടീമിനെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആരാധകർക്ക് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇങ്ങനെയൊരു ടീമിനെ ലഭിച്ചത്.

ഈ ടീമിനെ ഞങ്ങൾ ഇട്ടിട്ട് പോകില്ല. സങ്കടം ഉള്ളിലൊതുക്കുമ്പോഴും അവർ കയ്യടിച്ചു കൊണ്ടേയിരുന്നു. തോൽവിയിലും ടീമിനൊപ്പം ചേർന്നു നിൽക്കാൻ മത്സരിക്കുകയാണ് മ‍ഞ്ഞപ്പട. സ്വപ്ന തുല്യമായിരുന്നു ഫൈനൽ വരെയുള്ള യാത്ര. ഇനിയും ഈ ടീം അത്ഭുതങ്ങൾ സൃഷ്ടിക്കും. ആരാധകർ പറയുന്നു. തോൽവിയിലും ടീമിനെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ യാത്രയാക്കിയത്. ലോകകപ്പ് ഫുട്ബോളിനെ വരെ വെല്ലുന്ന ആൾകൂട്ടമായിരുന്നു ഒരു ഫാൻപാർക്കിലും കാണാൻ സാധിച്ചത്.

1993 ൽ കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം 28 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് അർജന്റീനക്ക് ഒരു അന്തരാഷ്ട്ര കിരീടം ലഭിച്ചത്. വേൾഡ് കപ്പിലടക്കം ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെ പൊരുതിയ അവർ അവസാനം ലക്ഷ്യത്തിൽ എത്തുകയായിരുന്നു. കിരീടം നേടിയില്ല എന്നത്കൊണ്ട് ഒരു ആരാധകരും അർജന്റീനയെ കൈവിടുന്നത് നാം കണ്ടില്ല. അത്പോലെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ കിരീട ധാരണത്തിനായി എത്ര കാത്തിരിക്കാനും ആരാധകർ തയ്യാറാണ്, കാരണം ഈ ബ്ലാസ്റ്റേഴ്സിൽ അവർക്ക് വിശ്വാസമുണ്ട് ഒരിക്കൽ അവർ നേടുക തന്നെ ചെയ്യും .

ഭാഗ്യം തുണയ്ക്കാത്ത കലാശപ്പോരിൽ കന്നി കിരീടം കയ്യെത്തും ദൂരത്ത്‌ നഷ്ടമായെങ്കിലും സുന്ദരമായ അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെച്ച ഇവാൻ വുകമനോവിച്ചിന്റെ മഞ്ഞപ്പട മലയാളി ഫുട്ബോൾ പ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടി കഴിഞ്ഞു. ഇത്തവണ തലനാരിഴ്യ്ക്ക് സംഭവിച്ച നഷ്ടം അടുത്ത സീസണിൽ അന്തിമ ലക്ഷ്യത്തിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ഊർജ്ജം പകരട്ടെ.

Rate this post