❝അജയ്യരായി ഗോകുലം കേരള കിരീടത്തോടടുക്കുന്നു , വേണ്ടത് ഒരു സമനില മാത്രം❞| Gokulam Kerala
പുരുഷ ടീമിന് പിന്നാലെ ഗോകുലത്തിന്റെ വനിതാ ടീമും ഇന്ത്യൻ ഫുട്ബാളിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.ഇന്ന് നടന്ന മത്സരത്തില്‍ 7-1 എന്ന സ്‌കോറിന് സ്‌പോട്‌സ് ഒഡിഷയെ പരാജയപ്പെടുത്തിയതോടെ അവർ കിരീടത്തോട് അടുത്തെത്തിയിരിക്കുകയാണ്.
ഭുവനേശ്വറിലെ ക്യാപിറ്റൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കം മുതല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലം കേരള ആധികാരിക ജയമായിരുന്നു സ്വന്തമാക്കിയത്. ഗോകുലത്തിനായി സ്‌ട്രൈക്കർ എൽഷദ്ദായി അച്ചെംപോങ് നാല് ഗോളുകൾ നേടിയപ്പോൾ വിംഗർ സൗമ്യ ഗുഗുലോത്ത് രണ്ട് ഗോളുകൾ നേടി. ലീഗിൽ പത്തിൽ പത്തു മത്സരവും വിജയിചാണ് നിലവിലുള്ള ചാമ്പ്യന്മാരായ ഗോളുകൾ മുന്നേറുന്നത്. ഇന്നത്തെ മത്സരത്തിൽ അഞ്ചാം മിനുട്ടിൽ തന്നെ ഗോകുലം ലീഡ് നേടി, സൗമ്യയുടെ ക്രോസിൽ നിന്നും എൽഷാദായിയാണ് ആദ്യ ഗോൾ നേടിയത്.
23-ാം മിനിറ്റിൽ എൽഷദ്ദായി ഗോകുലം കേരളയുടെ ലീഡ് ഇരട്ടിയാക്കി.24ാം മിനുട്ടില്‍ പ്യാരി കാക ബോക്‌സിന് പുറത്ത് നിന്ന് ടോപ് കോർണറിലേക്കുള്ള ഷോട്ടിൽ ഒഡീഷയെ മത്സരത്തിലേക്ക് കൊണ്ട് വന്നു.ഹാഫ്‌ടൈം വിസിലിന് തൊട്ടുമുമ്പ്, എൽഷദ്ദായിയുടെ മിസ്‌ഡ് ഹെഡറിൽ നിന്ന് മനീഷ മൂന്നാമത് സ്‌കോർ ചെയ്തു, ഗോകുലത്തിന് 3-1 എന്ന സ്‌കോറാക്കി. അതോടെ കളിയുടെ പൂർണ നിയന്ത്രണം ഗോകുലം കേരള ഏറ്റെടുത്തു.സൗമ്യ യഥാക്രമം 64-ാം മിനിറ്റിലും 68-ാം മിനിറ്റിലും തുടർച്ചയായി രണ്ട് ഗോളുകൾ നേടി.കളിയുടെ അവസാന നിമിഷങ്ങളിൽ എൽഷാദായി 78-ാം മിനിറ്റിലും 87-ാം മിനിറ്റിലും ഗോളുകൾ നേടി മലബാറുകാർക്ക് അനുകൂലമായി സ്കോർ 7-1 ആക്കി.
മത്സരത്തിൽ 63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച മലബാറിയന്‍സ് 32 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തത്. ഇതില്‍ 18 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. ഈ ജയത്തോടെ ലീഗിൽ തുടർച്ചയായ 10 വിജയങ്ങളിൽ നിന്ന് 30 പോയിന്റാണ് ഗോകുലം കേരളയ്ക്കുള്ളത്.മെയ് 26 ന് നടക്കുന്ന പോയിന്റ് ടേബിളിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഗോകുലം കേരളയും സേതു എഫ്‌സിയും തമ്മിലുള്ള മത്സരത്തിൽ കിരീട വിജയിയെ തീരുമാനിക്കും. ഒരു സമനില നേടിയാൽ പോലും ഗോകുലത്തിനു കിരീടം നേടാൻ സാധിക്കും.
10 മത്സരങ്ങളിൽ നിന്നും 63 ഗോളുകൾ അടിച്ചു കൂട്ടിയ ഗോകുലം മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഇന്ന് നേടിയ 4 ഗോളുകൾ കൂട്ടി എൽഷദ്ദായി അച്ചെംപോങ് 19 ഗോളുകളും മനീഷ കല്യാൺ 13 ഗോളുകളും നേടിയിട്ടുണ്ട്.കേരള വനിതാലീഗിൽ ഗോളടിച്ചു കൂട്ടിയാണ് ഗോകുലം ഇന്ത്യൻ വിമൻസ് ലീഗിൽ എത്തിയത്. പത്തുകളിയില്‍ 99 ഗോള്‍ ആനി അന്ന് ഗോകുലം നേടിയത് . ഇതില്‍ 40 ഗോള്‍ എല്‍ഷദായിയുടെ വകയായിരുന്നു. വിന്‍ തൂണ്‍ 26 ഗോളും മധ്യപ്രദേശുകാരി ജ്യോതി 17 ഗോളും നേടി.