താരത്തിലുള്ള വിശ്വാസം കൂമാനു നഷ്ടപ്പെട്ടു, ജനുവരിയിൽ തന്നെ ഡെമ്പെലെയെ ഒഴിവാക്കാനൊരുങ്ങി ബാഴ്സ
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഉദ്ദേശിച്ച എല്ലാ പദ്ധതികളും നടപ്പിലാക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. അത്തരത്തിലൊരു നീക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഡെമ്പെലെയെ ലോണിൽ വിടാനുള്ള ബാഴ്സയുടെ ശ്രമങ്ങൾ. എന്നാൽ താരം വിസമ്മതിച്ചതിനെത്തുടർന്ന് ഡീൽ നടക്കാതെ പോവുകയായിരുന്നു.
എന്നാലിപ്പോൾ ഡെമ്പെലെയുടെ ബാഴ്സയിലെ നിലനിൽപ്പിനു കൂടുതൽ ഭീഷണിയായിരിക്കുകയാണ്. പരിശീലകൻ കൂമാന് താരത്തിലുള്ള വിശ്വാസം കുറഞ്ഞു വന്നതോടെ ലോണിൽ വിടുന്നതിനു പകരം വിറ്റൊഴിവാക്കാനുള്ള ശ്രമമാണ് ബാഴ്സ നടത്താനൊരുങ്ങുന്നത്. നിലവിലുള്ള കരാർ പുതുക്കിയില്ലെങ്കിൽ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരത്തെ വിപണിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ
In the coming weeks, the club will hold a meeting with Dembélé's agent to make it clear that, if he doesn't renew his contract, the club will put him on the market. [sport] pic.twitter.com/lf4fdxFSTQ
— barcacentre (@barcacentre) October 10, 2020
അൻസു ഫാറ്റിയുടെ മികച്ച പ്രകടനമാണ് കൂമാൻ ഡെമ്പെലെയെ കൂടുതൽ പരിഗണിക്കാതിരിക്കുന്നതിന്റെ പ്രധാനകാരണം. ഒപ്പം ഇടയ്ക്കിടെ വരുന്ന പരിക്കുകളും താരത്തിലുള്ള ബാഴ്സയുടെ ആത്മവിശ്വാസം കുറക്കുന്നുണ്ട്. ഡെമ്പെലേക്ക് ഇനി ഒരു വർഷം കൂടിയേ കരാറിൽ ബാക്കിയുള്ളു. ഫ്രീ ട്രാൻസ്ഫറിൽ പുറത്തു പോവാതെ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ.
105 മില്യൺ യൂറോ താരത്തിനു വേണ്ടി ചിലവാക്കിയെങ്കിലും ആ തുകക്ക് ഇപ്പോൾ ഡെമ്പെലേയെ ഒരു ക്ലബും സ്വന്തമാക്കില്ലെന്നു ബാഴ്സക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ 50മില്യൺ യൂറോക്ക് മുകളിലുള്ള തുകയാണ് ബാഴ്സ താരത്തിനായി പ്രതീക്ഷിക്കുന്നത്. പല പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും ഇപ്പോഴേ താരത്തിനു വേണ്ടി ഓഫറുകൾ വരുന്നതിനാൽ ഈ ജനുവരിയിൽ തന്നെ പ്രതീക്ഷിത തുകക്ക് താരത്തെ വിൽക്കാനാവുമെന്നാണ് ബാർസ പ്രതീക്ഷിക്കുന്നത്.