ജനുവരിയിൽ ബാഴ്‌സയുമായി അനൗദ്യോഗികകരാറിൽ എത്തിയേക്കും, സൂചനകൾ നൽകി സൂപ്പർ താരം.

ജനുവരിയിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുമായി പ്രീകോൺട്രാക്ട് കരാറിൽ എത്തിയേക്കുമെന്നുള്ള സൂചനകൾ നൽകി സൂപ്പർ താരം മെംഫിസ് ഡീപേ. കഴിഞ്ഞ ദിവസം നൽകിയ ഒരു ഇന്റർവ്യൂവിലാണ് താരം അടുത്ത ജനുവരിയിൽ ബാഴ്‌സയുമായി അനൗദ്യോഗികകരാറിൽ ഏർപ്പെടുമെന്നും തുടർന്ന് സമ്മർ ട്രാൻസ്ഫറിൽ ബാഴ്സയിൽ എത്തുമെന്നുള്ള സൂചനകൾ നൽകിയത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരങ്ങളിൽ ഒരാളാണ് ഡീപേ. എന്നാൽ ബാഴ്‌സയുടെ സാമ്പത്തികപ്രശ്നങ്ങൾ കാരണം ട്രാൻസ്ഫർ നടന്നില്ല. താരത്തിന് വേണ്ടി ലിയോൺ ആവിശ്യപ്പെട്ട തുക നൽകാൻ ബാഴ്‌സക്ക്‌ കഴിയാതെ വരികയായിരുന്നു. എന്നാൽ അടുത്ത വർഷത്തോടെ താരത്തിന്റെ കരാർ അവസാനിക്കുകയും താരം ഫ്രീ ഏജന്റ് ആവുകയും ചെയ്യും. തുടർന്ന് താരത്തിന് ബാഴ്‌സയിലേക്ക്‌ ചേക്കേറാം.

” എനിക്കിപ്പോൾ ഇരുപത്തിയാറു വയസ്സാണ്. എന്റെ കരാർ ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. അതിന് ശേഷം ഞാൻ ഫ്രീയാണ്. ചില ക്ലബുകൾ എന്നിൽ താല്പര്യം പ്രകടിപ്പിച്ചതായി ഞാൻ അറിഞ്ഞിട്ടുണ്ട് ” ഇതാണ് ഡീപേ ബിഎൻ ഡെസ്റ്റെമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം പുറത്തു വിട്ടത്.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച താരമാണ് ഡീപേ. ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ വരവാണ് ഡീപേക്ക്‌ തുണയായത്. കൂമാന്റെ പ്രത്യേകതാല്പര്യപ്രകാരമാണ് ഡീപേയെ സ്വന്തമാക്കാൻ ബാഴ്‌സ ഇത്തവണ ശ്രമിച്ചത്. ഏതായാലും വരുന്ന ജനുവരി ട്രാൻസ്ഫറിൽ ബാഴ്‌സയുമായി കരാറിലെത്താൻ താരത്തിന് കഴിഞ്ഞേക്കും.

Rate this post