❝ഏഷ്യൻ വൻകരയുടെ ബെക്കാം എന്നറിയപ്പെടുന്ന ഹിദെതോഷി നകാത്ത❞

ആത്മവിശ്വാസവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ കാൽപ്പന്ത് കളിയിൽ അത്ഭുതം സൃഷ്ടിക്കാം… എന്ന് കാണിച്ചു തന്നൊരു രാജ്യമാണ്, അതിവേഗ അറ്റാക്കിങ്ങ് ഫുട്ബോളിന്റെ തനിമ നിലനിർത്തുന്ന ഏഷ്യൻ കരുത്തരായ ജപ്പാൻ.എഴുപതുകളിൽ ഏഷ്യൻ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ താഴെ ആയിരുന്നു നീല സമുറായികളുടെ സ്ഥാനം…90കളുടെ തുടക്കത്തിൽ രാജ്യത്തെ ഫുട്ബോൾ രംഗം പ്രൊഫഷനലൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ‘ജെ ലീഗ്’ നിലവിൽ വന്നതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞ് തുടങ്ങിയത്.

പിന്നീട് ബ്രസീലിയൻ ഇതിഹാസം സീക്കോ ഉൾപ്പെടെയുള്ള ലോകോത്തര ഫുട്ബോൾ താരങ്ങളുടെ ശിക്ഷണവും സാന്നിദ്ധ്യവും ജാപ്പനീസ് ഫുട്ബോളിന് പുത്തൻ ദിശാബോധം നൽകി. പിൽക്കാലത്ത് ലോകോത്തര താരങ്ങളടക്കം ജെ ലീഗ് ക്ലബുകളിലൂടെ, സോക്കർ സ്‌കൂളുകളിലൂടെ വാർത്തെടുക്കപ്പെട്ടത് ഒട്ടനവധി പ്രതിഭകളാണ്.അതിന്റെ പ്രാരംഭ കാലത്തുള്ള അതിവേഗ വളർച്ചയിലൂടെ ‘ഫ്രാൻസ്98’ ലൂടെ തങ്ങളുടെ പ്രഥമ ലോകകപ്പിനിറങ്ങിയ നീല സാമുറായികളുടെ പോരാട്ട വീര്യം ഫുട്ബോൾ ലോകം നിരീക്ഷച്ചപ്പോൾ.കൂട്ടത്തിൽ മിഡ്ഫീൽഡിൽ നിറഞ്ഞ് നിന്ന ചെമ്പൻ മുടിയുള്ള പ്രതിഭാശാലിയായ ആ യുവാവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

തുടർന്ന് യൂറോപ്യൻ ഫുട്ബോളിൽ ലോകോത്തര താരങ്ങൾ വാണിരുന്ന ഇറ്റാലിയൻ സിരി എ അതിന്റെ പ്രൗഡിയിൽ നിൽക്കുമ്പോൾ. അവർക്കിടയിൽ റോമയിലും, പാർമയിലും, ഫിയോന്റിനയിലുമെല്ലാം അയാളുടെ മിന്നുന്ന പ്രകടനങ്ങൾ നിരന്തരം കണ്ടു. ആദ്യ സീസണിൽ തന്നെ റോമക്കൊപ്പമുള്ള ( 2000- 01) സിരി എ കിരീട വിജയത്തിലും, പാർമക്കൊപ്പമുള്ള കോപ്പ ഇറ്റാലിയ കിരീട വിജയത്തിലും മുഖ്യപങ്ക് വഹിക്കുന്നത് കണ്ടു.

ഇതിനിടയിൽ ആദ്യമായി ഏഷ്യയിലേക്ക് കടന്ന് വന്ന 2002 ലോകകപ്പും, അതിന് മുന്നോടിയായി 2001 കോൺഫെഡറേഷൻ കപ്പിലും അയൽക്കാരയ ദക്ഷിണ കൊറിയക്കൊപ്പം ആദിഥ്യം വഹിച്ചപ്പോൾ, ഒറ്റഗോളിന് നാട്ടുകാരെ സാക്ഷിയാക്കി കോൺഫെഡറേഷൻ കപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ പൊരുതി വീണപ്പോഴും , തുടർന്നു വന്ന ലോകകപ്പ് പ്രീ ക്വാർട്ടർ മുന്നേറ്റത്തിലുമെല്ലാം രാജ്യത്തിനായ് പട നയിക്കുന്നത് കണ്ടു.

ഒടുക്കം 2006 ലോകകപ്പോട് കൂടി തന്റെ 29 മത്തെ വയസ്സിൽ തന്നെ കളി മതിയാക്കാനുള്ള തീരുമാനമെടുത്ത് ഫാഷൻ ലോകത്തേക്കുള്ള ബന്ധം കൂടുതൽ അരക്കെട്ടുറപ്പിച്ചു. ഇതിനിടെ രണ്ട് ഒളിംബിക്സുകളിലും നീലക്കുപ്പായത്തിൽ തന്റെ സാനിധ്യവും അറിയിച്ചു.വേഗത, സർഗാത്മകത ,കഠിനാധ്വാനി,ആക്രമണോൽസുതനായ അറ്റാക്കിങ് മിഡ്ഫീൽഡർ ,സാങ്കേതിക, വിഷൻ പാസിംഗ് , ഗോളുകൾക്കായുള്ള പെനാൾട്ടി ഏരിയയെ ലക്ഷ്യം വെച്ചുള്ള റണ്ണിലും, പെനാൾട്ടി ബോക്സിന് വെളിയിൽ നിന്നുള്ള പവർഫുൾ ഷോട്ടുകളിലും പ്രസിദ്ധൻ….കളിക്കൊപ്പം ഫാഷനേയും കൂട്ട് പിടിച്ചപ്പോൾ… ജപ്പാനീസ് ബെക്കാമായും അറിയപ്പെട്ടു.

കടപ്പാട്