ബ്രസീലിയൻ കരുത്ത്, വിമർശിച്ചവർക്കു മറുപടി നൽകി അർടെട്ടയുടെ ആഴ്‌സണൽ കുതിക്കുന്നു

ബ്രസീലിയൻ താരങ്ങൾ ഒരിക്കൽ കൂടി തീതുപ്പിയപ്പോൾ പ്രീമിയർ ലീഗിലെ വിജയക്കുതിപ്പു തുടർന്ന് മൈക്കൽ അർടെട്ടയുടെ ആഴ്‌സണൽ. ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ആഴ്‌സണൽ സ്വന്തമാക്കിയത്. ബ്രസീലിയൻ താരങ്ങളായ ഗബ്രിയേൽ ജീസസും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ആഴ്‌സണലിനു വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ ഈ സീസണിലെ പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഒരേയൊരു ടീമെന്ന നേട്ടം നിലനിർത്താനും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരാനും ആഴ്‌സണലിന് കഴിഞ്ഞു.

പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചെണ്ണത്തിലും ആഴ്‌സണൽ വിജയം നേടിക്കഴിഞ്ഞു. അർടെട്ട പരിശീലകനായി എത്തിയതിനു ശേഷം ടീമിനെ പടിപടിയായി കെട്ടിപ്പൊക്കിയതിന്റെ ഫലങ്ങൾ ഈ സീസണിൽ ആഴ്‌സനലിനെ തേടിയെത്തുമെന്ന് ഉറപ്പുള്ള കാര്യമാണ്. ആഴ്‌സണൽ പ്രീമിയർ ലീഗിൽ അപരാജിതരായി കുതിക്കുമ്പോൾ അതിനു പിന്നിലെ പ്രധാന കരുത്ത് മുന്നേറ്റനിരയിൽ കളിക്കുന്ന ബ്രസീലിയൻ താരങ്ങളായ ഗബ്രിയേൽ ജീസസും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ്. ഇരുവരും മികച്ച പ്രകടനമാണ് സീസണിൽ കാഴ്‌ച വെക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ആഴ്‌സണലിലേക്ക് ചേക്കേറിയ ഗബ്രിയേൽ ജീസസ് വളരെ പെട്ടന്നു തന്നെ ടീമുമായി ഇണങ്ങിച്ചേർന്നു കഴിഞ്ഞു. സീസണിൽ ആറു മത്സരങ്ങളിലും ഇറങ്ങിയ താരം മൂന്നു ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്നലെ നടന്ന മത്സരത്തിലും ആഴ്‌സനലിനെ ആദ്യത്തെ ഗോൾ ജീസസിന്റെ വകയായിരുന്നു. സീസണിൽ ആറു മത്സരങ്ങൾ കളിച്ച ഗബ്രിയേൽ മാർട്ടിനെല്ലിയും മൂന്നു ഗോളുകൾ ടീമിനായി സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടു ബ്രസീലിയൻ താരങ്ങളും ചേർന്ന സഖ്യം കൂടുതൽ മത്സരങ്ങൾ പൂർത്തിയാകുന്നതോടെ പ്രകടനം മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ ബ്രസീലിയൻ താരങ്ങൾക്കു പുറമെ പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായി മറ്റൊരു ബ്രസീലിയൻ താരമായ ഗബ്രിയേൽ മഗലേസുമുണ്ട്. സെന്റർ ബാക്കായ താരവും ഒരു ഗോൾ ആഴ്‌സണലിനു വേണ്ടി കണ്ടെത്തിക്കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ ബ്രസീലിയൻ താരങ്ങളുടെ കരുത്തും ഒത്തിണക്കവും ആഴ്‌സനലിനെ മുന്നോട്ടു നയിക്കുന്ന പ്രധാന ശക്തിയാണെന്നതിൽ സംശയമില്ല. ഇതിനു പുറമെ മികച്ച ഫോമിൽ കളിക്കുന്ന സാലിബ, മാർട്ടിൻ ഒഡേഗാർഡ്, ബുക്കായോ സാക്ക എന്നിവരും പെപ് ഗ്വാർഡിയോളയുടെ ശിഷ്യനായ പരിശീലകൻ മൈക്കൽ അർടെട്ടയുടെ തന്ത്രങ്ങളും ആഴ്‌സലിനെ മികച്ചതാക്കി മാറ്റുന്നു.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി വിജയം നേടാൻ വേണ്ടി അവസാനം വരെ പൊരുതുകയും അത് നേടിയെടുക്കുകയും ചെയ്യുന്ന ആഴ്‌സണൽ ഒരു ചാമ്പ്യൻ മനോഭാവമാണ് സീസണിൽ കാഴ്‌ച വെക്കുന്നത്. തങ്ങൾക്കെതിരെ വരുന്നത് ഏതു ടീമാണെങ്കിലും അവരെ തുരത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഗണ്ണേഴ്‌സിനുണ്ടെന്ന് അവരുടെ ഓരോ മത്സരങ്ങളും തെളിയിക്കുന്നു. ഇത്തവണ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങൾക്ക് വലിയ വെല്ലുവിളിയായി ആഴ്‌സണൽ ഉണ്ടാകുമെന്നു തന്നെയാണ് അവരുടെ പ്രകടനം വ്യക്തമാക്കുന്നത്.

Rate this post