ഇരട്ടഗോളുമായി ലയണൽ മെസി, രണ്ടാം സൗഹൃദമത്സരത്തിൽ ജിറോണയെ തറപറ്റിച്ച് ബാഴ്‌സ
ബാഴ്സലോണയുടെ ജൊഹാൻ ക്രയ്‌ഫ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന രണ്ടാം സൗഹൃദം മത്സരത്തിൽ കാറ്റാലൻ ക്ലബ്ബായ ജിറോണയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്‌സ തറപറ്റിച്ചു. ഫിലിപ്പെ കൂട്ടീഞ്ഞോയും ലയണൽ മെസിയും ഗോളുകൾ കണ്ടെത്തിയ മത്സരത്തിൽ ജിറോണക്ക് വേണ്ടി സാമു സൈസ് ആണ് ഏക ഗോൾ നേടിയത്.
4-2-3-1 എന്ന തന്റെ പ്രിയ ഫോർമേഷനിൽ തന്നെയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ ബാഴ്‌സ താരങ്ങളെ അണിനിരത്തിയത്. നന്നായി തുടങ്ങിയ ബാഴ്‌സ മുന്നേറ്റം കൂട്ടീഞ്ഞോയുടെ ആദ്യ ഗോളിന് വഴിതെളിക്കുകയായിരുന്നു. ഗ്രീസ്‌മാൻ മെസി എന്നിവരിലൂടെ ഇരുപത്തിയൊന്നാം മിനുട്ടിൽ നടത്തിയ മുന്നേറ്റത്തിൽ മെസി ഇടതുവിങ്ങിലേക്ക് യുവതാരം ട്രിൻകാവോക്ക് നീട്ടി നൽകിയ പന്ത് ട്രിൻകാവോ അനായാസം കൂട്ടീഞ്ഞോക്ക് ഗോളാക്കാൻ പാകത്തിൽ ക്രോസ്സ് ചെയ്യുകയായിരുന്നു.
ജിറോണ ഗോൾ തിരിച്ചടിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യപകുതിക്കു മുമ്പേ തന്നെ മെസിയുടെ ബാഴ്‌സ വീണ്ടും മുന്നിലെത്തുകയായിരുന്നു. ഇടതു വിങ്ങിൽ നിന്നും കൂട്ടീഞ്ഞോയിൽ നിന്നും പാസ്സ് സ്വീകരിച്ച മെസി ജിറോണയുടെ സാമു സൈഡിൽ നിന്നും വെട്ടിതിരിഞ്ഞു വീക് ഫൂട്ടായ വലം കാലുകൊണ്ട് മികച്ച ഒരു ഷോട്ടിലൂടെ ഗോൾ കീപ്പർ യുവാൻ കാർലോസിനെ നിഷ്പ്രഭമാക്കി ഗോൾപോസ്റ്റിന്റെ വലതുമൂലയിലൂടെ ഗോൾവലയെ ചുംബിക്കുകയായിരുന്നു.
HIGHLIGHTS
— FC Barcelona (@FCBarcelona) September 16, 2020
Barça 3, Girona 1 pic.twitter.com/d6DfIArxpW
ആദ്യപകുതിക്കു ശേഷം കൂമൻ ടീമിൽ മാറ്റങ്ങളൊന്നും വരുത്താൻ തയ്യാറായില്ല. എന്നാൽ ആക്രമിച്ചു കളിച്ച ജിറോണ ഫ്രങ്കി ഡി ജോങിന്റെ പിഴവിലൂടെ ലഭിച്ച പന്തുമായി മുന്നേറി മധ്യനിരതാരം സാമു സൈസ് ഗോൾ നേടുകയായിരുന്നു. എന്നാൽ അധികം വൈകാതെ ലയണൽ മെസി തന്നെ ലീഡ് മൂന്നാക്കി ഉയർത്തി.വലതുവിങ്ങിലൂടെ യുവതാരം ട്രിൻകാവോ നടത്തിയ മുന്നേറ്റത്തിൽ റോബെർട്ടോക്ക് നൽകിയ പന്ത് മെസ്സിക്കു നീട്ടി നൽകുകയായിരുന്നു.
പ്രതിരോധതാരത്തെ വെട്ടിയൊഴിഞ്ഞു ഇടംകാലുകൊണ്ടു തൊടുത്ത ഷോട്ട് ജിറോണതാരം ജോനാസ് രമാലോവിന്റെ പുറത്തുതട്ടി വ്യതിചലിച്ചു ഗോൾകീപ്പർ അടിതെറ്റിച്ച് ഗോളാവുകയായിരുന്നു. 62-ാം മിനുട്ടിൽ ഗോൾകീപ്പർ നെറ്റോയെയും പ്രതിരോധതാരം അറോഹോയേയും നിലനിർത്തി 9 താരങ്ങളെ കൂമാൻ പകരക്കാരായി ഇറക്കി. യുവതാരം പെഡ്രിക്ക് നിരവധി ഗോളവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോൾ അകന്നു നിന്നു. യുവതാരങ്ങളായ കൊൺറാടും റിക്കി പുജ്ജും മികവ് പുലർത്തിയെങ്കിലും മെസിയുടെ ഗോളിന് ശേഷം ബാഴ്‌സക്ക് ഗോൾ നേടാൻ കഴിയാതെ പോവുകയായിരുന്നു.