ബെൽജിയൻ സൂപ്പർതാരത്തെ വേണമെന്ന് കൂമാൻ, നടക്കില്ലെന്നു ബാഴ്സലോണ

ബെൽജിയൻ സ്ട്രൈക്കറായ റൊമലു ലുക്കാക്കുവിനെ ടീമിലെത്തിക്കണമെന്ന കൂമാന്റെ ആവശ്യം ബാഴ്സലോണ തള്ളിയെന്ന് റിപ്പോർട്ടുകൾ. ഇന്റർ മിലാൻ താരത്തിന്റെ ട്രാൻസ്ഫർ ഫീസ് നൽകാൻ കഴിയാത്തതു കൊണ്ടാണ് ബാഴ്സ ട്രാൻസ്ഫർ നടക്കില്ലെന്നു തീർത്തു പറഞ്ഞതെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടീവോ റിപ്പോർട്ടു ചെയ്യുന്നത്.

മുൻപ് എവർട്ടണിൽ കൂമാനു കീഴിൽ കളിച്ചിട്ടുള്ള താരമാണ് ലുക്കാക്കു. 27 ഗോളുകളും ഏഴ് അസിസ്റ്റുകളും ഡച്ച് പരിശീലകനു കീഴിൽ സ്വന്തമാക്കിയിട്ടുള്ള ലുക്കാക്കുവിനെ സുവാരസിനു പകരക്കാരനായാണ് കൂമാനു വേണ്ടത്. എന്നാൽ ഇന്ററിൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തെ വാങ്ങാൻ പണമില്ലെന്ന് ബാഴ്സ വ്യക്തമാക്കുകയായിരുന്നു.

കൊറോണ വൈറസ് മൂലം സാമ്പത്തിക സ്ഥിതി താളം തെറ്റിയ ബാഴ്സ കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. നേരത്തെ പൂർത്തിയാക്കിയ ട്രാൻസ്ഫറുകളല്ലാതെ ഒരു താരത്തെ പോലും ബാഴ്സ ടീമിലെത്തിച്ചിട്ടില്ല. ലിയോൺ താരം മെംഫിസ് ഡിപേയുടെ ട്രാൻസ്ഫറും ഇതു കാരണം മുടങ്ങിക്കിടക്കുകയാണ്.

നിലവിലുള്ള താരങ്ങളിൽ ആരെയെങ്കിലും വിൽക്കാതെ ട്രാൻസ്ഫർ നടത്താൻ ബാഴ്സക്കു കഴിയില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ടീമിലുള്ള താരങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും അവർ വാഗ്ദാനം ചെയ്യുന്ന തുക വളരെ കുറവാണെന്നത് സ്ഥിതികൾ സങ്കീർണമാക്കുന്നു.

Rate this post