മെസ്സിയെ മറികടന്നു,ചാമ്പ്യൻസ് ലീഗിൽ പുതിയ ചരിത്രം കുറിച്ച് ഹൂലിയൻ ആൽവരസ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാംപാദ സെമി ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനെ തകർത്തു തരിപ്പണമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.സ്വന്തം മൈതാനമായ ഇത്തിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി റയലിനെ നാണം കെടുത്തിയത്. ഇതോടുകൂടി അഗ്രിഗേറ്റിൽ ഒന്നിനെതിരെ 5 ഗോളുകളുടെ വിജയം നേടിയ സിറ്റി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ബെർണാഡോ സിൽവ ഇരട്ട ഗോളുകൾ നേടി.ഒരു ഗോൾ അകാഞ്ചിയുടെ വകയായിരുന്നു.എടുത്തുപറയേണ്ടത് അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസിന്റെ ഗോളാണ്.മത്സരത്തിന്റെ 89ആം മിനുട്ടിൽ ഹാലന്റിന് പകരക്കാരനായി എത്തിയ ഹൂലിയൻ ആൽവരസ് മിനിട്ടുകൾക്കകം ഗോൾ നേടുകയായിരുന്നു.91ആം മിനുട്ടിൽ ഫോഡന്റെ അസിസ്റ്റിൽ നിന്നാണ് ആൽവരസിന്റെ ഗോൾ പിറന്നത്.

ഇതോടുകൂടി ഒരു റെക്കോർഡ് തന്റെ സ്വന്തം പേരിലാക്കാൻ ഹൂലിയൻ ആൽവരസിന് സാധിച്ചിട്ടുണ്ട്.അതായത് ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റൈൻ താരം എന്ന നേട്ടം ഇനി ആൽവരസിന്റെ പേരിലാണ്.ലയണൽ മെസ്സിയെയാണ് ഇക്കാര്യത്തിൽ ഇദ്ദേഹം മറികടന്നിട്ടുള്ളത്. എടുത്തു പറയേണ്ട കാര്യം എന്തെന്നാൽ രണ്ടുപേരും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഗോൾ നേടിയിട്ടുള്ളത് റയൽ മാഡ്രിഡിനെതിരെയാണ്.

മെസ്സി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയലിനെതിരെ ഗോൾ നേടുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രായം 23 വർഷവും 10 മാസവും മൂന്ന് ദിവസവുമാണ്.ഈ കണക്കാണ് ഇപ്പോൾ ഹൂലിയൻ ആൽവരസ് മറികടന്നിട്ടുള്ളത്.ഇന്നലെ ഗോൾ നേടുമ്പോൾ ആൽവരസിന്റെ പ്രായം 23 വർഷവും മൂന്ന് മാസവും 17 ദിവസവുമാണ്.ഏതായാലും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരൻ ഇനി ആൽവരസാണ്.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കേവലം നാലു മത്സരങ്ങളിൽ മാത്രമാണ് താരം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ മാത്രമായി ആകെ അഞ്ച് ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഈ അർജന്റീനക്കാരന് കഴിഞ്ഞിട്ടുണ്ട്.ഖത്തർ വേൾഡ് കപ്പിന്റെ സെമിഫൈനലിൽ ഗോൾ നേടിയതിന് പിന്നാലെയാണ് ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലും ആൽവരസ് ഗോൾ നേടുന്നത്.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലൗറ്ററോ മാർട്ടിനസും ഹൂലിയൻ ആൽവരസും നേർക്കുനേർ അർജന്റൈൻ വരുന്നത് ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്ന കാര്യമാണ്.

Rate this post