ക്ളോപ്പ് തൻ്റെ “BAD TEACHER” : ലെവൻഡോസ്‌ക്കി

ലിവർപൂൾ ബോസ് ജൂർഗെൻ ക്ളോപ്പിനെ പറ്റി വ്യത്യസ്തമായ പരാമർശം നടത്തി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ലോക ഫുട്ബോളർ പട്ടം നേടിയ ബയേൺ താരം ലെവൻഡോസ്‌കി. ഡോർട്മുണ്ട് താരമായിരിക്കുമ്പോൾ ക്ളോപ്പിൻ്റെ ശിക്ഷണത്തിൽ താൻ മെച്ചപ്പെട്ട ദിനങ്ങൾ ഒരു വിദ്യാർത്ഥിയെ പോലെ ഓർത്തെടുക്കുകയാണ് താരം.

ഒരു പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് താരം ആൻഫീൽഡ് ബോസ്സിനെ പറ്റി വാചാലനായിരിക്കുന്നത്.

ക്ളോപ്പിനു കീഴിൽ താരത്തിൻ്റെ ബുണ്ടസ്‌ലീഗ്‌ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. താരത്തിന് വഴങ്ങാത്ത രീതിയിലുള്ള നമ്പർ 10 ശൈലിയിലായിരുന്നു ക്ളോപ്പ് ഉപയോഗിച്ചിരുന്നത്.

“എന്നെ മികച്ചവനാക്കുന്നതിൽ ക്ളോപ്പ് വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. എൻ്റെ പിതൃസ്ഥാനത്തു മാത്രമല്ല, സ്കൂൾ കാലഘട്ടത്തിൽ നമ്മൾ എല്ലാരും വെറുത്തിരുന്ന, എന്നാൽ നമ്മുടെ നന്മയെ മാത്രം മുന്നിൽകണ്ട് പഠിപ്പിച്ചിരുന്ന ഒരു ടീച്ചർ കൂടിയായിരുന്നു അദ്ദേഹം.”

ലെവ ഓർത്തെടുക്കുന്നു;
“ഒരുക്കിലും B ഗ്രേഡിൽ ഒതുങ്ങാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന് എപ്പോഴും A+ വേണമായിരുന്നു. ഞാൻ ഡോർട്‌മുണ്ടിൽ എത്തിയപ്പോൾ എനിക്ക് തിടുക്കം കൂടുതലായിരുന്നു. ഫസ്റ്റ് ടച്ച്/ വൺ ടച്ച് കളിക്കുന്നതിയായിരുന്നു എനിക്ക് പ്രിയം. ആവശ്യമെങ്കിൽ സെക്കന്റ് ടച്ച് കളിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. കൂടുതൽ ഗോളുകൾ കണ്ടെത്താൻ അതെന്നെ സഹായിച്ചു.”

2010ലാണ് താരം ഡോർട്മുണ്ടിൽ എത്തുന്നത്. ഡോർട്മുണ്ടിൽ ക്ളോപ്പിനു കീഴിലാണ് അദ്ദേഹം രണ്ടാം തവണ ബുണ്ടസ്‌ലീഗയിൽ മുത്തമിടുന്നത്. തുടർന്ന് ജർമൻ വമ്പന്മാരായ ബയേണിലേക്കു കൂടുമാറുകയായിരുന്നു.