‘ഇറ്റലിയിലെ റയൽ മാഡ്രിഡ്‌’ റൊണാൾഡോയുടെ മുൻ ടീമിനെ വാഴ്ത്തി അർജന്റീന പരിശീലകൻ

വളരെയധികം ആവേശത്തോടെയും പോരാട്ടവീര്യത്തോടെയും അരങ്ങേറുന്ന ഇറ്റാലിയൻ ലീഗിൽ കൈവിട്ടുപോയ കിരീടം വീണ്ടെടുക്കുവാൻ പോരാടുകയാണ് ഇന്റർമിലാനും യുവന്റസും. പോയിന്റ് ടേബിളിലെ മുൻനിരകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ഇരു ടീമുകൾക്ക് പിന്നാലെ എസി മിലാനും കിരീട പോരാട്ടത്തിലേക്ക് മുന്നേറുന്നുണ്ട്.

ഈ സീസണിലെ ഇറ്റാലിയൻ ലീഗിന്റെ രാജാക്കന്മാർ ആരായിരിക്കും എന്ന് ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഫിഫ വേൾഡ് കപ്പിൽ അർജന്റീനയെ കിരീടം ചൂടിച്ച പരിശീലകനായ ലയണൽ സ്കലോണി. ഇന്റർ മിലാൻ, യുവന്റസ് എന്നീ ടീമുകളാണ് ഫേവറിറ്റുകൾ എന്ന് പറഞ്ഞ അർജന്റീന പരിശീലകൻ ഇറ്റലിയിലെ റയൽ മാഡ്രിഡ് ആണ് യുവന്റസ് എന്നും വിശേഷിപ്പിച്ചു.

“സീരി എ സ്കുഡെറ്റോ ലീഗ് കിരീടം ആര് വിജയിക്കുമെന്ന് ചോദിച്ചാൽ ഞാൻ ഇന്റർ മിലാൻ എന്ന് പറയുന്നു. പക്ഷേ യുവന്റസിനെ ശെരിക്കും നിങ്ങൾക്ക് ഒരിക്കലും അറിയില്ല, യുവന്റസ് ഇറ്റലിയിലെ റയൽ മാഡ്രിഡാണ്, അവർ ഒരിക്കലും വിട്ടുകൊടുക്കില്ല. ആര് വിജയിക്കുമെന്ന് എനിക്കറിയില്ല പക്ഷെ ഈ രണ്ട് ടീമുകളും കിരീടം നേടാൻ ഫേവറിറ്റാണ്. സിമോൺ ഇൻസാഗി വളരെ നല്ലവനാണ്, അദ്ദേഹത്തിന്റെ ഇന്റർ മിലാൻ ടീമിനോടൊപ്പം തന്നെ ഫിയോറന്റീന, എസി മിലാൻ ടീമുകൾ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഒഫൻസിവ് ഫുട്ബോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശൈലിയാണ്.” – ലയണൽ സ്കലോണി പറഞ്ഞു.

പോയിന്റ് ടേബിളിൽ 20 മത്സരങ്ങളിൽ നിന്നും 34 പോയിന്റുകളുമായി നാലാം സ്ഥാനത്താണ് ഫിയോറന്റീന. 21 മത്സരങ്ങളിൽ നിന്നും 45 പോയിന്റുകൾ സ്വന്തമാക്കിയ എസി മിലാൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പക്ഷേ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറുന്നത്. 20 മത്സരങ്ങളിൽ നിന്നും 49 പോയിന്റുകൾ സ്വന്തമാക്കിയ യുവന്റസ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ 20 മത്സരങ്ങളിൽ നിന്നും 51 പോയിന്റുകളുമായി ഇന്റർ മിലാനാണ് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്.

Rate this post