ചെൽസിയുടെ തോൽവി, റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസിനെതിരെ വിമർശനം

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിക്കുകയും ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്‌ത എൻസോ ഫെർണാണ്ടസിന്റെ ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് ഭേദിച്ച തുകക്കാണ് ചെൽസി സ്വന്തമാക്കിയത്. ചെൽസിക്കായി കളിച്ച ആദ്യത്തെ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രതീക്ഷ കാക്കാൻ താരത്തിന് കഴിഞ്ഞു.

ചെൽസിക്കൊപ്പം താരം ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങുമ്പോൾ ആരാധകർക്ക് പ്രതീക്ഷ കൂടുതലായിരുന്നു. ഡോർട്ട്മുണ്ട് താരമായ ജൂഡ് ബെല്ലിങ്‌ഹാമും എൻസോയും തമ്മിലുള്ള പോരാട്ടമായിരിക്കും മത്സരത്തിൽ പ്രധാനമായും ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെട്ടു. എന്നാൽ ബൊറൂസിയ ഡോർട്മുണ്ട് സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയ മത്സരം കഴിഞ്ഞതോടെ എൻസോ ഫെർണാണ്ടസിന് നേരെ വിമർശനം ഉയരുകയാണ്.

മത്സരത്തിൽ എൻസോ ഫെർണാണ്ടസ് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും ഡോർട്മുണ്ട് നേടിയ ഒരേയൊരു ഗോളിൽ ഇരുപത്തിരണ്ടുകാരനായ അർജന്റീന താരം വരുത്തിയ പിഴവിന്റെ പേരിലാണ് ആരാധകരുടെ വിമർശനം നേരിടുന്നത്. മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുട്ടിൽ ജർമൻ യുവതാരം കരിം അദേയാമിയാണ് ഡോർട്മുണ്ടിനെ വിജയത്തിലെത്തിച്ച ഗോൾ സ്വന്തമാക്കിയത്.

പ്രത്യാക്രമണത്തിൽ ജർമൻ താരത്തിന് പന്ത് ലഭിക്കുമ്പോൾ മുൻപിൽ എൻസോ ഫെർണാണ്ടസ് മാത്രമാണ് ഉണ്ടായിരുന്നത്. മികച്ച ചുവടുവെപ്പുകൾ കൊണ്ട് എൻസോ ഫെർണാണ്ടസിന്റെ അനായാസം മറികടന്ന അദേയാമി അതിനു ശേഷം ഗോൾകീപ്പറെയും മറികടന്ന് വലകുലുക്കി. ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തിരുത്തിയ തുകക്ക് സ്വന്തമാക്കിയ താരത്തിൽ നിന്നും ഇതിനേക്കാൾ മികച്ച പ്രകടനം പ്രതീക്ഷിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

മത്സരത്തിൽ ഒരു ഗോളിന് തോറ്റെങ്കിലും സ്വന്തം മൈതാനത്തു നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷ ചെൽസിക്കുണ്ട്. അടുത്ത മത്സരത്തിൽ രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ ചെൽസിക്ക് ക്വാർട്ടറിലേക്ക് മുന്നേറാൻ കഴിയും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം മാത്രം പ്രതീക്ഷയുള്ള ചെൽസി അതിനു തന്നെയാകും ശ്രമിക്കുക.

Rate this post