വിജയകുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ,ജംഷഡ്‌പൂരിനെയും കീഴടക്കി കൊമ്പന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ജംഷഡ്‌പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ബ്ലാസ്റ്റേഴ്‌സ് തകർത്ത് വിട്ടത്. ബ്ലാസ്റ്റേഴ്സിനായി മൂന്നു വിദേശ താരങ്ങളാണ് ഗോളുകൾ നേടിയത്. വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയരാനും സാധിച്ചു. അപ്പോസ്‌തോലോസ് ജിയാനൗ,ദിമിട്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.

ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജാംഷെഡ്പൂരിനെ നേരിടാൻ ഇറങ്ങിയത്.സസ്പെൻഷൻ കാരണം പുറത്തായ കലിയുഷ്നിക്ക് പകരമായി ജിയാനു ആദ്യ ഇലവനിൽ എത്തി. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ ക്രോസിൽ നിന്നും മാർക്കോ ലെസ്കോവിച്ചിന്റെ ഹെഡ്ഡർ രക്ഷപെടുത്തി. എട്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി ,ദിമിട്രിയോസ് ഡയമന്റകോസിന്റെ പാസിൽ നിന്നും അപ്പോസ്‌തോലോസ് ജിയാനൗയാണ് ഗോൾ നേടിയത്.

12 ആം മിനുട്ടിൽ ദിമിട്രിയോസ് ഡയമന്റകോസിന്റെ പാസിൽ നിന്നും അപ്പോസ്‌റ്റോലോസ് ജിയാനോയുടെ ഹെഡർ പുറത്തേക്ക് പോയി. 16 ആം മിനുട്ടിൽ ഡാനിയൽ ചിമ ചുക്വുവിന്റെ ഗോളിൽ ജാംഷെഡ്പൂർ സമനില പിടിച്ചു. 21 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നുള്ള രാഹുലിന്റെ ഷോട്ട് രക്ഷപെടുത്തി. 30 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിലൂടെ ദിമിട്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി.ജെസ്സലിന്റെ ഒരു ക്രോസിൽ നിന്ന് ലഭിച്ച ഹാൻഡ് ബോൾ ആണ് പെനാൾട്ടിയായി മാറിയത്.ഇതിനു ശേഷവും നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. പക്ഷെ ഗോളുകൾ അധികം പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഗോൾ ശ്രമം വിഫലമായി പോയി. 60 ആം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ ക്രോസിൽ നിന്നുള്ള സന്ദീപ് സിംഗിന്റെ ഹെഡ്ഡർ ജാംഷെഡ്പൂർ കീപ്പർ വിശാൽ യാദവ് രക്ഷപെടുത്തി. 64 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്തെ ഗോളും നേടി.അപ്പോസ്തോലോസ് ജിയാനോയുടെ അസ്സിസ്റ്റിൽ നിന്നും അഡ്രിയാൻ ലൂണയാണ് ഗോൾ നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ 200 മത്തെ ഗോൾ കൂടിയായിരുന്നു ഇത്.

ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ നടത്തി . പിന്നീടും അവസരങ്ങൾ വന്നെങ്കിലും ജംഷദ്പൂരിന്റെ ഭാഗ്യം കൊണ്ട് കൂടുതൽ ഗോളുകൾ വന്നില്ല. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 25 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. അവസാന എട്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല.

Rate this post