വുകൊമാനോവിച്ചിന്റെ 10 മത്സരങ്ങളിൽ നിന്നുള്ള വിലക്കിനെതിരെയും 4 കോടി പിഴക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകും |Kerala Blasters

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡിസിപ്ലിനറി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിയേക്കും. ക്ലബ് ഔദ്യോഗികമായി പ്രതികരണവുമായി എത്തിയിട്ടില്ലെങ്കിലും എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ ഉത്തരവിനെതിരെ ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകുമെന്ന് ടീമിലെ വൃത്തങ്ങൾ അറിയിച്ചു.

മാർച്ച് 3 ന് ബംഗളൂരുവിൽ വെച്ച് ബംഗളൂരു എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫ് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചതിനെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടിരുന്നു. ഇതിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡിസിപ്ലിനറി കമ്മിറ്റി പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് 10 മത്സരങ്ങളിലെ വിലക്കും കേരള ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.കൂടാതെ മാപ്പ് പറയാനും ബ്ലാസ്റ്റേഴ്‌സിന് നിർദ്ദേശം നൽകി .ഇല്ലെങ്കിൽ മൊത്തം പിഴ 6 കോടിയായി വർദ്ധിക്കുകയും ചെയ്യും.ഇവാന് 500000 രൂപയും പിഴയായി ചുമത്തിയിട്ടുണ്ട്, പരിശീലകനും മാപ്പ് പറയേണ്ടതുണ്ട് അല്ലെങ്കിൽ പിഴ പത്തുലക്ഷമായി ഉയരുന്നതാണ്.

വാക്കൗട്ട് ആണെങ്കിലും, ബ്ലാസ്റ്റേഴ്സിന് അവരുടെ ആരാധകരിൽ നിന്ന് വലിയ പിന്തുണയുണ്ട്.ഐ‌എസ്‌എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.പരസ്യമായി ക്ഷമാപണം നടക്കുമോ എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല.മത്സരം ബഹിഷ്കരിച്ചത് തെറ്റായിപ്പോയി എന്ന തുറന്നുപറച്ചിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഉത്തരവ് ഒരാഴ്ചക്കകം പാലിക്കണമെന്ന് ബ്ലാസ്റ്റേഴ്സിനോടും വുകൊമാനോവിച്ചിനോടും അച്ചടക്ക സമിതി നിർദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ ക്ലബിനും ഹെഡ് കോച്ചിനും അവകാശമുണ്ട്. സൂപ്പർ കപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ,മത്സരങ്ങൾ ഏപ്രിൽ എട്ടിന് കോഴിക്കോട്ടും മഞ്ചേരിയിലുമായി ആരംഭിക്കും.

5/5 - (1 vote)