“ലക്ഷ്യം വിജയം മാത്രം , രണ്ടും കൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് നാളെ മുംബൈക്കെതിരെ ഇറങ്ങുന്നു”

ഹീറോ ഐഎസ്എല്ലിൽ ബുധനാഴ്ച തിലക് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ജയിക്കേണ്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ഇരു ടീമുകളെയും വേർതിരിക്കുന്നത് ഒരു പോയിന്റ് മാത്രമാണ്.നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്കും (31 പോയിന്റ്) അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിനും (30 പോയിന്റ്) പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്.ഗോള്‍ വ്യത്യാസത്തില്‍ മുംബൈയും ബ്ലാസ്‌റ്റേഴ്‌സും (8) തുല്യതയിലാണെന്നതും മറ്റൊരു വസ്തുതയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് നാല് പോയിന്റെങ്കിലും ആവശ്യമാണ് – ഞായറാഴ്ച ഒമ്പതാം സ്ഥാനത്തുള്ള എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്ററിന്റെ അവസാന മത്സരം – മുംബൈയ്‌ക്കെതിരായ ജയം അവരെ പ്ലേ ഓഫിലേക്ക് കൂടുതൽ അടുപ്പിക്കും.കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള ജയവും മുംബൈ ഉറ്റുനോക്കുന്നു, കാരണം ജയം അവരെ 34 പോയിന്റിലെത്തിക്കും.അവസാന മത്സരത്തിൽ ലീഗ് ടോപ്പർ ഹൈദരാബാദ് എഫ്‌സിയുമായി കളിക്കുന്നതിനാൽ മുംബൈ ബ്ലാസ്റ്റേഴ്സിനെതിരെ പരമാവധി ജയിക്കാനായി ശ്രമിക്കും.2016നുശേഷം ആദ്യമായി സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് വിയര്‍പ്പൊഴുക്കുന്നത്.

ഡിസംബറിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ അന്നത്തെ ടേബിൾ ടോപ്പറായ മുംബൈ സിറ്റി എഫ്‌സിയെ 3-0 ന് കേരള ബ്ലാസ്റ്റേഴ്‌സ്ഡ് പരാജയപ്പെടുത്തിയിരുന്നു.ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ സീസൺ സമ്മിശ്രമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീയേണിനെ രണ്ടായി വേർതിരിക്കാം. കോവിഡിന് ശേഷവും കോവിഡിന് മുൻപും. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാമതായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നേരിട്ടത തിരിച്ചടിയുടെ പോയത് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു.അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരേര ഡയസ് എന്നി വിദേശ താരങ്ങളുടെ പ്രകടനത്തിൽ വിശ്വാസമർപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നത്.

സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അബ്ദുൾ സമദ് നിലവിൽ ഫോം കണ്ടെത്താനാവാതെ വലയുകയാണ്.പരിക്കേറ്റ് വിശ്രമത്തിലുള്ള നിഷു കുമാര്‍ കൂടി തിരിച്ചെത്തിയാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് പൂര്‍ണമാകും.പരിക്കേറ്റ് വിശ്രമത്തിലായിരുന്ന റൂയിവ ഹോര്‍മിപാം കഴിഞ്ഞ മത്സരത്തിൽ മികവ് പുറത്തെടുത്തത് ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസമായി. പ്രതിരോധത്തിൽ ശക്തി വർധിച്ചത് ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരത്തിൽ കൂടുതൽ വിജയ പ്രതീക്ഷ നൽകുന്നുണ്ട്.ഐഎസ്എല്‍ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്‌സും മുംബൈയും ഇതുവരെ 15 മത്സരങ്ങളില്‍ ഏറ്റുമുട്ടി. അതില്‍ ആറ് ജയം മുംബൈ നേടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് തവണ വെന്നിക്കൊടി പാറിച്ചു. ആറ് മത്സരം സമനിലയില്‍ കലാശിച്ചു. മുംബൈ 21 ഗോള്‍ അടിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 11 എണ്ണം സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വേണം. മുംബൈ സിറ്റിക്കെതിരെ തോൽക്കില്ലെന്ന് ഉറപ്പിച്ചേ മതിയാകൂ. 34 പോയിന്റുമായി മുംബൈയും കേരളവും സമനിലയിലായാൽ, കേരളം മികച്ച H2H റെക്കോഡിലൂടെ മുന്നോട്ട് പോകും.

മുംബൈയെ കീഴടക്കി അവസാന മത്സരത്തിൽ ഗോവയ്ക്കെതിരെയും ജയം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്സിന് (36 പോയിന്റോടെ) ഒന്നും നോക്കാതെ പ്ലേഓഫ് ഉറപ്പിക്കാം.മുംബൈയ്ക്കെതിരെ സമനിലയാണെങ്കിലും കേരളത്തിനു സാധ്യത ബാക്കിയാണ്. അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈ ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സ് ഗോവയെ തോൽപ്പിക്കുകയും ചെയ്താൽ വുക്കൊമനോവിച്ചിനും സംഘത്തിനും 34 പോയിന്റോടെ പ്ലേഓഫ് കളിക്കാനാകും. ഇനി മുംബൈയ്ക്കെതിരായ മത്സരം മാത്രം ജയിച്ചും ബ്ലാസ്റ്റേഴ്‌സിനു പ്ലേഓഫിലെത്താം. മുംബൈ ഹൈദരാബാദിനോടും ജയമില്ലാതെ മടങ്ങിയാലാണ് ആ അവസരം.

Rate this post