❝പത്താം നമ്പറിന് പുതിയ അവകാശി ; തകർപ്പൻ സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ്❞

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന്റെ മുന്നോടിയായി പുതിയ താരത്തെ ടീമിലെത്തിച് കേരള ബ്ലാസ്റ്റേഴ്‌സ്.ബെം​ഗളുരുവിൽ നിന്നുള്ള ഹര്‍മന്‍ജോത് ഖബ്രയെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പത്താം നമ്പർ താരം കൂടിയാണ് ഖബ്ര.പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരത്തിന് രണ്ടു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്.ബെം​ഗളുരുവിൽ നിന്നുള്ള ഈ സൂപ്പർതാരത്തിന്റെ വരവ് കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോ​ഗിമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ നാല് സീസണുകളിൽ ബെം​ഗളുരു എഫ്.സി ടീമിന്റെ കരുത്തായി നിലകൊണ്ടശേഷമാണ് ഈ 33-കാരൻ കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.2006 മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുള്ള ഖബ്ര ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്.സ്പോർട്ടിങ് ​ഗോവയിലൂടെയാണ് സീനിയർ അരങ്ങേറ്റം കുറിച്ചത്. മൂന്ന് സീസൺ സ്പോർട്ടിങ് ജേഴ്സിയണിഞ്ഞ ഖബ്ര തുടർന്ന് ഏഴ് സീസണുകളിൽ ഈസ്റ്റ് ബം​ഗാൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു.

ഈസ്റ്റ് ബം​ഗാളിനൊപ്പം മൂന്ന് ഫെഡറേഷൻ കപ്പ്, ഏഴ് കൊൽക്കത്ത ഫുട്ബോൾ ലീ​ഗ് കീരീടങ്ങൾ ഖബ്ര നേടിയിട്ടുണ്ട്.2010 എഎഫ്‌സി കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാളിനൊപ്പമുള്ള വിജയകരമായ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നത്. ഈ സീസണില്‍ ഐഎസ്എല്‍ സെമിഫൈനലും, 2015ല്‍ കിരീടവും നേടിയ ടീമിനായി നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് സീസണുകള്‍ക്ക് ശേഷം ബെംഗളൂരു എഫ്‌സിയിലേക്ക് മാറിയ താരം ക്ലബ്ബിന്റെ 2018-19 ഐഎസ്എല്‍ കിരീടധാരണത്തിലും പ്രധാന സാനിധ്യമായി.

രണ്ട് ക്ലബുകൾക്കുമൊപ്പം ഐ.എസ്.എൽ കിരീടവും ഖബ്ര നേടി. ഈ നേട്ടം കൈവരിക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് ഖബ്ര. സഞ്ജീവ് സ്റ്റാലിൻ, ഹോർമിപാം റുവ, വിൻസി ബാരെറ്റോ എന്നിവർക്ക് ശേഷം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഒപ്പുവച്ച നാലാമത്തെ പുതിയ താരമായി ഹർമൻജോത് ഖബ്ര മാറി.

Rate this post