യൂറോപ്പിൽ നിന്നും യുവ പ്രതിരോധ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

24 കാരനായ മോണ്ടിനെഗ്രോയുടെ സെന്റർ ബാക്ക് മിലോസ് ഡ്രിംഗിച്ചിനെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ബലാറസിലെ ടോപ് ഡിവിഷൻ ക്ലബ്‌ സോളിഗാറിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. തന്റെ കരിയറിൽ ബെലാറസ് മോണ്ടിനെഗ്രിൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ഡ്രിംഗിച്ച് ഒന്നാം ഡിവിഷനിൽ 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം മോണ്ടിനെഗ്രോയിൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച താരത്തിന്റെ മികച്ച പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് എത്തിച്ചു.2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന താരമായി മാറുകയും ചെയ്തു.യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളിൽ സ്ഥിരമായി മത്സരിച്ചിട്ടുള്ള താരം മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഒരു വർഷത്തെ കരാറിലായിരിക്കും താരം ബ്ലാസ്റ്റേഴ്‌സിൽ പന്ത് തട്ടുക. കേവലം 24 വയസ്സ് മാത്രമുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇതുവരെ പ്രതിരോധത്തിൽ വലിയ മത്സരങ്ങൾ ഇല്ലാതിരുന്ന ലെസ്കോവിച്ചിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ ഡ്രിങ്കിച്ചുമായി കടുത്ത പോരാട്ടം നടത്തണമെന്നുറപ്പാണ്.

“ഒരു മികച്ച ക്ലബ്ബിനൊപ്പം മറ്റൊരു ലീഗിൽ ഒരു പുതിയ വെല്ലുവിളി പര്യവേക്ഷണം ചെയ്യാനുള്ള ഒരു മികച്ച അവസരമായി ഞാൻ ഇതിനെ കാണുന്നു. കരോലിസുമായി സംസാരിക്കാൻ തുടങ്ങിയ ആദ്യ നിമിഷം മുതൽ ഒരു നല്ല അനുഭവം ഉണ്ടായിരുന്നു. എന്റെ കരിയറിലെ ഈ പുതിയ അധ്യായത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്, അതൊരു അവിസ്മരണീയമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിച്ചിലും പുറത്തും എല്ലാം ഞാൻ നൽകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു”മിലോസ് ഡ്രിംഗിച്ച് പറഞ്ഞു.ഈ സീസണിൽ 15-ാം നമ്പർ ജേഴ്‌സിയണിഞ്ഞ മിലോഷ് ഡ്രിങ്‌സിച്ച് കൊൽക്കത്തയിലെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേരാൻ ഒരുങ്ങുകയാണ്.

Rate this post