ആരാധകരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ സൈനിങ് |Kerala Blasters
പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് പുതുതായി ടീമിലെത്തിച്ചത്. കുറച്ച് മിനുട്ടുകൾക്ക് മുമ്പ് ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.
കേവലം 24 വയസ്സ് മാത്രം പ്രായമുള്ള താരമാണ് ഡ്രിങ്കിച്ച്. ബലാറസിലെ ടോപ് ഡിവിഷൻ ക്ലബ് സോളിഗാറിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിലായിരിക്കും താരം ബ്ലാസ്റ്റേഴ്‌സിൽ പന്ത് തട്ടുക. കഴിഞ്ഞ വർഷം യുവേഫാ ചാമ്പ്യൻസ് ലീഗിന്റെയും യൂറോപ ലീഗിന്റെയും യോഗ്യത മത്സരങ്ങൾ കൂടി താരം കളിച്ചിട്ടുണ്ട്. മോണ്ടിനെഗ്രയുടെ വിവിധ അണ്ടർ എജ് ടീമിലും താരം കളിച്ചിട്ടുണ്ട്.
കേവലം 24 വയസ്സ് മാത്രമുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇതുവരെ പ്രതിരോധത്തിൽ വലിയ മത്സരങ്ങൾ ഇല്ലാതിരുന്ന ലെസ്കോവിച്ചിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ ഡ്രിങ്കിച്ചുമായി കടുത്ത പോരാട്ടം നടത്തണമെന്നുറപ്പാണ്. അതേ സമയം കേവലം ഒരു വർഷം മാത്രമാണ് താരത്തിന്റെ കരാർ എന്നതും ചില ആശങ്കകൾക്ക് വഴിവെയ്ക്കുന്നുണ്ട്.
Sorry, but we couldn’t keep it in any longer! 😁
— Kerala Blasters FC (@KeralaBlasters) August 14, 2023
Moving into August 15 with our new No 1️⃣5️⃣!
Welcome to Kerala, Miloš! 💛#KBFC #KeralaBlasters pic.twitter.com/I8O7wdH6LW
കാരണം ഇത്തവണ താരം മികച്ച പ്രകടനം കാഴ്ച വെച്ചാൽ താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമോ എന്നതാണ് ആരാധകരുടെ ആശങ്ക. നേരത്തേ പല തവണ ബ്ലാസ്റ്റേഴ്‌സിന് നിലനിർത്താൻ കഴിയാത്ത താരങ്ങൾ മറ്റ് ക്ലബ്ബുകളിലേക്ക് പോയി മികച്ച പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.