” ബ്ലാസ്റ്റേഴ്സിന്റെ കഠിനമായ മത്സരങ്ങളെല്ലാം താഴെത്തട്ടിലുള്ള ടീമുകൾക്കെതിരെ “

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പതിനഞ്ചാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് എസ്‌സി ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. മത്സരത്തിന്റെ നാൽപ്പത്തിയൊൻപതാം മിനിറ്റിൽ പ്രതിരോധ താരം എനസ് സിപോവിച്ചാണ് ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ നേടിയത്. പല പ്രമുഖ താരങ്ങളും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് ജയം വലിയ ആത്മിശ്വസമാണ് നല്കിയിരിക്കുന്നത് . വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.

വിജയം നേടിയെങ്കിലും ഈസ്റ്റ്‌ ബംഗാൾ പോലുള്ള ഒരു ടീമിനോട് വാസ്ക്വസും ഡയസും ഒരുമിച്ച് അറ്റക്കിൽ ഇറങ്ങുകയും ലൂണ മിഡിൽ തിരിച്ചെത്തുകയും ചെയ്‌തിട്ടും ഒന്നിലധികം ഗോൾ കണ്ടെത്താൻ സാധിച്ചില്ല എന്നത് വലിയ കുറവ് തന്നെയാണ്. അത്കൊണ്ട് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ഏറ്റവും പ്രയാസം ഉള്ള മത്സരങ്ങൾ ലീഗിലെ അവസാന സ്ഥാനക്കാരിൽ നിന്നാണ് വരുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് മത്സര ശേഷം പറഞ്ഞത്. ഈ സീസണിൽ മുൻ നിര ടീമുകളോട് വളരെ അനായാസം കളിച്ച ബ്ലാസ്റ്റേഴ്‌സ് താഴെ തട്ടിലുള്ള ടീമുകളൊട് പൊരുതിയാണ് മുന്നേറിയത്. പലപ്പോഴും അവർ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കടുത്ത എതിരാളികൾ.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കളികൾ ടേബിളിന്റെ താഴെയുള്ള ടീമുകൾക്കെതിരെയാണെന്ന് പറയാം. നമ്മുടെ ഇന്നത്തെ എതിരാളി എസ്‌സി ഈസ്റ്റ് ബംഗാൾ മികച്ച ഫുട്‌ബോൾ കളിക്കാൻ കഴിവുള്ള ടീമാണ്. അവർക്ക് നല്ല ചില കളിക്കാർ ഉണ്ട്, എന്തായാലും, ഇന്ന് രാത്രി ഞങ്ങൾ പൊരുതേണ്ടി വന്നു.” ഇവാൻ പറഞ്ഞു.

“ഇന്ന് ഞങ്ങൾക്ക് മൂന്നു പോയിന്റുകൾ നേടാനായിയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലീഗ് ഘട്ടം അവസാനത്തോടടുത്തു നിൽക്കുന്ന ഈ നിർണായക അവസരത്തിൽ ക്ലീൻ ഷീറ്റ് സൂക്ഷിക്കാനായതും ഗോൾ നേടാനായതും മൂന്നു പോയിന്റുകൾ നേടാനായതും നല്ല കാര്യമാണ്” അദ്ദേഹം കൂട്ടി ചേർത്തു.

“എന്തായാലും അവസാന ഫലത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ലീഗ് ഘട്ടത്തിന്റെ അവസാന കാലയളവിലേക്ക് ഞങ്ങൾ കടക്കുകയാണ്. പല ടീമുകളും പോയിന്റുകൾക്കായി പോരാടുന്ന അവസാന രണ്ടാഴ്ച. ഈ സമയത്താണ് പല കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. ഇനി ഞങ്ങൾ കൂടുതൽ ശ്രദ്ധയോടെ ഏകാഗ്രതയോടെയിരിക്കണം. കാരണം ഇനി ഞങ്ങൾ നേരിടുന്നത് മുൻനിര ടീമുകളെയാണ്. ഞങ്ങൾ അതിനായി തയ്യാറായിരിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു

Rate this post