ദിമിയുടെ പകരക്കാരനായി റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ട്രാൻസ്ഫർ രംഗത്ത് സജീവമായിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്യുന്നതിന് മുന്നേ തന്നെ, ആഗ്രഹിക്കുന്ന കളിക്കാരോട് സംസാരിച്ച് വെര്‍ബല്‍ ഡീല്‍ ആക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. നിലവിൽ, വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള റേസ് കേരള ബ്ലാസ്റ്റേഴ്സ് സജീവമാക്കിയിരിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ടോപ്പ് സ്കോറർ ദിമിത്രിയോസ് ഡയമണ്ടകോസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായേക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഗ്രീക്ക് താരത്തിന് അദ്ദേഹത്തിന്റെ രാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് ഇതിന് കാരണം. ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവെച്ച ഓഫർ ദിമി അംഗീകരിക്കാതെ വന്നതോടെ, അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.
ഒഡീഷ എഫ്സി സ്ട്രൈക്കർ റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുവെന്ന് ഫുട്ബോൾ അനലിസ്റ്റ് സോഹൻ പോഡ്ഡർ റിപ്പോർട്ട് ചെയ്തു. ഒഡീഷ എഫ്സിയിൽ റോയ് കൃഷ്ണ തുടരില്ല എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ഇതോടെയാണ്, ഐഎസ്എൽ ക്ലബ്ബുകൾ ഫിജി താരത്തെ സ്വന്തമാക്കാനുള്ള ശ്രമം ആക്ടീവ് ആക്കിയിരിക്കുന്നത്.
Update : Roy Krishna to part ways with Odisha FC . Has offers from other ISL teams which includes Kerala Blasters / Mumbai City . IF given a chance he would love to return to Kolkata.
— Sohan Podder (@SohanPodder2) April 30, 2024
Jamie Mclaren has offers from 3 ISL teams . #ISL #Indianfootball #TransferUpdates
ഐഎസ്എല്ലിലെ ടോപ്പ് സ്കോറർമാരിൽ ഒരാളായ റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം മുംബൈ സിറ്റിയും രംഗത്ത് ഉണ്ട്. അതേസമയം, മുൻ കൊൽക്കത്ത താരമായ റോയ് കൃഷ്ണക്ക്, കൊൽക്കത്തയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ക്ലബ്ബുകളിൽ ഏതെങ്കിലും താല്പര്യം പ്രകടിപ്പിച്ചാൽ റോയ് കൃഷ്ണ ബംഗാൾ ക്ലബ്ബിന് മുൻതൂക്കം നൽകിയേക്കാം.