ആശാനോടൊപ്പം വിജയം തുടരാൻ കൊമ്പന്മാർ ഇന്ന് എതിർതട്ടകത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആറാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാൽ കേരള ബ്ലാസ്റ്റേഴ്സിന് 13 പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് എത്താനാവും.

നിലവിൽ 5 മത്സരങ്ങളിൽ നിന്നും പത്തു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. എതിരാളികളായ ഈസ്റ്റ് ബംഗാൾ നാലു മത്സരങ്ങളിൽ നിന്നും ഒരു വിജയം ഒരു സമനില രണ്ട് തോൽവി എന്നിവ അടക്കം നാലു പോയിന്റുമായി ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ രണ്ടാമത്തെ എവേ മത്സരത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആദ്യ എവേ മത്സരത്തിൽ ശക്തരായ മുംബൈ സിറ്റിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ മത്സരത്തിൽ മുഖ്യ പരിശീലകനായ ഇവാൻ വുകാമനോവിച് തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ഒഡീഷയേ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹോം വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വിജയം തുടരാനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽപ്പിച്ചുകൊണ്ട് പോയിന്റ് ടേബിളിൽ മുൻനിരയിലേക്ക് കയറുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തം കാണികൾക്ക് മുന്നിൽ ഈസ്റ്റ് ബംഗാളും ബൂട്ട് കെട്ടുന്നത്.

ഇന്ന് രാത്രി 8 മണിക്കാണ് കേരള ബ്ലാസ്റ്റേഴ്സ് vs ഈസ്റ്റ് ബംഗാൾ മത്സരം അരങ്ങേറുന്നത്. വൈകുന്നേരം 5:30ന് ഹൈദരാബാദ് എഫ്സി vs ബാംഗ്ലൂരു എഫ്സിയും തമ്മിൽ ഹൈദരാബാദ് എഫ്സിയുടെ മണ്ണിൽ ഏറ്റുമുട്ടും. പോയന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലുള്ള മുൻ ചാമ്പ്യൻ ടീമുകൾ തങ്ങളുടെ ഫോം വീണ്ടെടുക്കാനാണ് ആഗ്രഹിക്കുന്നത്.

Rate this post