ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദിനെ നേരിടും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. ഇതിനകം പ്ലെ ഓഫിൽ സ്ഥാനം ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലീഗിൽ 21 മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമാണ് ഹൈദരാബാദ് നേടിയത്.

ഹൈദരാബാദ് എഫ്‌സി അതിൻ്റെ അവസാന രണ്ട് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളുകൾ വഴങ്ങി, അതിൽ എഫ്‌സി ഗോവയോട് 4-0 തോൽവിയും മുംബൈ സിറ്റി എഫ്‌സിയോട് 3-0 തോൽവിയും ഉൾപ്പെടുന്നു.2023 നവംബറിൽ റിവേഴ്‌സ് ഫിക്‌ചർ 1-0 മാർജിനിൽ ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ പ്ലെ ഓഫിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.

അവസാനം കളിച്ച അഞ്ചുമത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായിട്ടില്ല. പരിക്കാണ് ടീമിന്റെ വലിയ എതിരാളി. പരിക്കിലുള്ള സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റാകോസ് കളിക്കാനിടയില്ല. പരിക്കുമാറി പരിശീലനം തുടങ്ങി ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഹൈദരാബാദിനെതിരേ കളിക്കുമോയെന്ന് ഉറപ്പില്ല. താരത്തെ പ്ലേ ഓഫിലേക്ക് കരുതിവെക്കാനാകും പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് താത്‌പര്യം. യുവതാരങ്ങൾക്ക് പ്രാമുഖ്യമുള്ള ടീമിനെയാകും ഇറക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് തോറ്റെങ്കിലും യുവതാരങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് പരിശീലകൻ പറഞ്ഞിരുന്നു.

പതിനൊന്ന് മത്സരങ്ങളിലാണ് ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ആറു മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ അഞ്ചെണ്ണം ഹൈദരാബാദ് എഫ്‌സി വിജയിച്ചു. കഴിഞ്ഞ വര്ഷം നവംബറിൽ പത്താം സീസണിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

ഹൈദരാബാദ് :ലക്ഷ്മികാന്ത് കട്ടിമണി , സജാദ് പരേ, അലക്സ് സജി, മുഹമ്മദ് റാഫി, മാർക്ക് സോതൻപുയ, ലാൽചൻഹിമ സൈലോ, ജോവോ വിക്ടർ, അബ്ദുൾ റബീഹ്, മഖൻ ചോത്തെ, റാംഹ്ലുൻചുങ്ക, ജോസഫ് സണ്ണി.

കേരള ബ്ലാസ്റ്റേഴ്സ് :ലാറ ശർമ്മ , സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച്, രാഹുൽ കെ.പി, വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, ഡെയ്സുകെ സകായ്, നിഹാൽ സുധീഷ്, ഇഷാൻ പണ്ഡിറ്റ.