ഹാട്രിക്ക് വിജയവും പോയിന്റ് പട്ടികയിൽ വലിയ മുന്നേറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters |ISL 2022-23
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിനെ കീഴടക്കിയിരുന്നു. ആദ്യ പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഗോളിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം, ഇന്നലെ നേടിയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് മൂന്നാം സ്ഥാനത്തെത്തി.7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടർന്നു.
ഇന്നലത്തെ വിജയത്തോടെ ഐഎസ്എലിന്റെ എട്ടു വര്ഷത്തെ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ മൂന്നു മത്സരങ്ങൾ വിജയിക്കുകയും ചെയ്തു. മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും രണ്ടിൽ കൂടുതൽ മത്സരങ്ങൾ ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. നോർത്ത് ഈസ്റ്റ് ,ഗോവ ,ഹൈദരാബാദ് എന്നിവക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. കഴിഞ്ഞ സെസിൽ മൂന്നു തവണ തുടർച്ചയായ രണ്ടു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിടരുന്നു.”ഇത് ഒരു ചരിത്ര നിമിഷമാണ്. കാരണം ഞങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല ” തുടർച്ചയായ മൂന്നു വിജയത്തെക്കുറിച്ച് ഇവാൻ വുകമനോവിച് പറഞ്ഞ വാക്കുകളാണിത്.
സ്വന്തം തട്ടകത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 3-1ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ 2022-23 ഐഎസ്‌എൽ കാമ്പെയ്‌ൻ വിജയകരമായ തുടക്കം കുറിച്ചു. എന്നിരുന്നാലും അവർ പിന്നീട് മൂന്ന് ഗെയിമുകൾ തോൽക്കുകയും ഈ പ്രക്രിയയിൽ ഒമ്പത് ഗോളുകൾ വഴങ്ങുകയും ചെയ്തു. ഇന്നലെ മത്സരത്തിൽ ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിനെ തോൽക്കുന്ന ശീലത്തിലേക്ക് കടക്കാതിരിക്കാൻ കുറച്ച് കാര്യങ്ങൾ മാറ്റേണ്ടതുണ്ടെന്ന് വ്യക്തമായിരുന്നു അത് കൃത്യമായി ചെയ്തു.അച്ചടക്കത്തോടെയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് ഇന്നലെ വിജയം സമ്മാനിച്ചത്.
ഹർമൻജോത് ഖബ്ര, ജെസൽ കാർനെറോ എന്നിവർക്ക് പകരമായി സന്ദീപ് സിംഗ്, നിഷു കുമാർ എന്നിവർ ടീമിലെത്തിയത് ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ നിർണായകമായി മാറി.കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ മൂന്ന് മത്സരങ്ങൾ വിജയിച്ചതിനാൽ സെർബിയൻ തന്റെ മാറ്റങ്ങളുടെ പ്രതിഫലം കൊയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് കൊച്ചിടീം വഴങ്ങിയത്.തന്റെ ആദ്യ നാല് ഐഎസ്എൽ മത്സരങ്ങളിലും ഗോൾ നേടാനാകാതെ പോയ ഡയമന്റകോസാണ് ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. ഗ്രീക്ക് സ്‌ട്രൈക്കർ അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ ഓരോന്നിലും സ്‌കോർ ചെയ്തിട്ടുണ്ട്.
ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഐഎസ്എൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഡിസംബർ 3 ന് കഴിഞ്ഞ സീസണിലെ ഷീൽഡ് ജേതാവായ ജംഷഡ്പൂരിനെ നേരിടുമ്പോൾ തങ്ങളുടെ വിജയ പരമ്പര തുടരാം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.