“അങ്ങനെ വിട്ടുകൊടുക്കുന്നവരല്ല കേരള ബ്ലാസ്റ്റേഴ്‌സ് , ഈസ്റ്റ് ബംഗാളിനെ തകർത്ത് മൂന്നാം സ്ഥാനത്ത് “

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏകപഷീയമായ ഒരു ഗോളിനായിരുന്നു കൊമ്പന്മാരുടെ ജയം.ഈസ്റ്റ് ബംഗാളിന് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ഈ ജയത്തോടെ ടോപ് ഫോറിലേക്ക് തിരികെയെത്താൻ ബ്ലാസ്റ്റേഴ്സിന് ആയി.

ജംഷദ്പൂരിന് എതിരായ പരാജയത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് നാലു മാറ്റങ്ങൾ ആയുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങിയത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം ആണ് കണ്ടത്. പക്ഷെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിചില്ല.എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അഡ്രിയാന്‍ ലൂണ എടുത്ത കിക്ക് പുറത്തേക്ക് പോയി. ആദ്യ പത്ത് മിനിറ്റില്‍ ഇരു ടീമില്‍ നിന്നും കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നും ഉണ്ടായില്ല. പതിമൂന്നാം മിനിറ്റില്‍ ലൂണയുടെ മൂന്നേറ്റത്തിനൊടുവില്‍ ലഭിച്ച പാസില്‍ ഗോളിലേക്ക് ലക്ഷ്യംവെച്ച പ്യൂട്ടിയക്ക് പിഴച്ചു. തൊട്ടുപിന്നാലെ പ്രത്യാക്രമണത്തില്‍ ബ്ലാസ്റ്റേഴ്സ് വീമ്ടും കോര്‍ണര്‍ വഴങ്ങി.

17 മിനുട്ടിൽ ലൂണയുടെ പാസിൽ നിന്നും വാസ്‌ക്വസിന്റെ ഹെഡ്ഡർ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ശങ്കർ റോയ് പിടിച്ചെടുത്തു.25ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജീക്സന്റെ ഹെഡർ നേരെ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറുടെ കൈകളിലേക്ക് പോയി.ഇതിനു പിന്നാലെ 28ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വലതു വിങ്ങിൽ നിന്ന് വന്ന ഒരു അറ്റാക്ക് സഹലിൽ എത്തി എങ്കിലും താരത്തിന്റെ ഷോട്ട് ടാർഗറ്റിലേക്ക് എത്തിയില്ല. മറുവശത്ത് ഈസ്റ്റ് ബംഗാളിന് അനുകൂലമായി ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ അന്‍റോണിയോ പെര്‍സോവിച്ച് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ആക്രമണം നടത്തിയെങ്കിലും ഗോളായി മാറിയില്ല.

ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 49 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ സിപോവിച്ചിലൂടെ മുന്നിലെത്തി.കോറിൽ നിന്നും ഹെഡ്ഡറിലൂടോടെയാണ് താരം ഗോൾ നേടിയത്. തൊട്ടു പിന്നാലെ റഫീക്കിലൂടെ ഈസ്റ്റ് ബംഗാൾ സമനില ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല. മുന്നേറ്റം തുടർന്ന ഈസ്റ്റ് ബംഗാളിന് 70 മിനുട്ടിൽ പെറോസെവിക്കിലൂടെ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് കീപ്പർ ഗില്ലിന്റെ മികച്ചൊരു സേവ് തടസ്സമായി.

15 മത്സരങ്ങളിൽ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 29 പോയിന്റുമായി ഒന്നാമതുള്ള ഹൈദരബാദിനെക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഈസ്റ്റ് ബംഗാൾ ഇപ്പോഴും പത്താം സ്ഥാനത്താണ്.

Rate this post